മസ്ജിദുൽ അഖ്സയിൽ കൂടിയ ഫലസ്തീനികള്‍ക്കു നേരെ ഇസ്രായേൽ സേനയുടെ അതിക്രമം. സേനയുടെ അതിക്രമത്തില്‍ 205 പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ 88 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഫലസ്തീനിയന്‍ റെഡ് ക്രെസന്‍റ് പറയുന്നു. ജറൂസലേമിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെതിരെ പ്രതിഷേധവുമായി സംഘടിച്ചവർക്കു നേരെയാണ് മസ്ജിദിനകത്തും പുറത്തും ഇസ്രായേൽ സൈന്യത്തിന്‍റെ അതിക്രമമുണ്ടായത്.
റമദാനിലെ അവസാന വെള്ളിയാഴ്ച രാത്രിയിലായിരുന്നു നൂറുകണക്കിന് ഫലസ്തീനികൾ സംഘടിച്ചത്. ഇവര്‍ക്ക് നേരെയാണ് അക്രമമുണ്ടായത്. ടിയര്‍ ഗ്യാസും, ഗ്രനേഡും, ബുള്ളറ്റും ഉപയോഗിച്ചായിരുന്നു അക്രമം. പലര്‍ക്കും പരിക്കേറ്റത് കണ്ണിനും തലയ്ക്കുമാണെന്ന് റെഡ് ക്രെസന്‍റ് പറയുന്നു. ആറ് ഇസ്രായേലി പോലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഇസ്രായേലി പോലീസ് പറയുന്നത്.
വെള്ളിയാഴ്ച പ്രാർഥനക്കായി പതിനായിരക്കണക്കിന് ഫലസ്തീനികൾ സംഘടിച്ചിരുന്നു. നമസ്കാരം കഴിഞ്ഞ് ജർറാഹിലെ താമസക്കാർക്ക് ഐക്യദാർഢ്യവുമായി ഇവർ മസ്ജിദ് പരിസരത്തുതന്നെ ഉണ്ടായിരുന്നു. നോമ്പുതുറക്കു ശേഷമാണ് സൈന്യം അതിക്രമം ആരംഭിച്ചത്