പിണറായിയുടെ രണ്ടാം വരവിൽ കേരള രാഷ്ട്രീയം

Latest രാഷ്ട്രീയം ലേഖനം

ലേഖകൻ : മുഹമ്മദ്‌ അഫ്സൽ കെ

തെരഞ്ഞെടുപ്പൊക്കെ കഴിഞ്ഞല്ലോ. എൽ.ഡി.എഫ് തങ്ങളുടെ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന തന്നെ നൽകി അവരുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റിക്കഴിഞ്ഞു. വിപ്ലവകരമായ തീരുമാനമെടുത്ത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ സിപിഎം നിലപാട് അഭിനന്ദനാർഹമാണ്. മാത്രമല്ല, വനിതകൾക്ക് മുമ്പുള്ളതിനേക്കാൾ പ്രാതിനിധ്യവും പാർട്ടി നൽകി. 1964-ൽ രൂപീകരിച്ച സിപിഐഎം എന്ന പ്രസ്ഥാനം 2005 ലാണ് ആദ്യമായി തന്നെ വനിതയായ ബൃന്ദാ കാരാട്ടിന് പോളിറ്റ് ബ്യൂറോയിൽ അംഗത്വം നൽകുന്നത്. പുരോഗമന ആശയത്തിന്റെയും നൂതനമായ ചിന്താഗതികളുടെയും വക്താക്കളെന്ന് അവകാശപ്പെടുന്ന സിപിഎമ്മിന് ഒരുപാട് വർഷങ്ങൾ വേണ്ടിവന്നു പ്രസ്ഥാനത്തിൽ സ്ത്രീ പ്രാധിനിധ്യത്തെ അംഗീകരിക്കാൻ. നൂതന രാഷ്ട്രീയം പറയുന്ന ഈ കാലഘട്ടത്തിൽ അൽപ്പമെങ്കിലും സ്ത്രീ പ്രാതിനിധ്യത്തെ അംഗീകരിക്കാൻ കഴിഞ്ഞെങ്കിൽ പാർട്ടിക്കത് പുരോഗമനപരമായ നേട്ടമാണെന്ന് കണക്കാക്കാം. ഇത്തവണ മൂന്ന് വനിതാ മന്ത്രിമാർക്കാണ് സിപിഎം മന്ത്രി പദവി നൽകിയത്. കഴിഞ്ഞ തവണ മന്ത്രിസഭയിൽ ഉണ്ടായിരുന്നവർക്ക് ഇത്തവണ അവസരം നൽകേണ്ടതില്ലായെന്നത് പാർട്ടി തീരുമാനമാണ്. സഖാക്കളും അതിനനുകൂലമായി തലയാട്ടി. പിണറായി വിജയന് തുടർച്ച നൽകിയ പാർട്ടി തീരുമാനം വിവേചനപരമല്ലേയെന്ന ചിന്താഗതി ചില സഖാക്കൾക്കും ഏതാനും ജാനാധിപത്യ വിശ്വാസികൾക്കുമുണ്ട്. പാർട്ടിയെന്നാൽ പിണറായി വിജയനാണ് എന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറിയോ? സിപിഎമ്മിന്റെ രാഷ്ട്രീയം പിണറായി വിജയനിൽ കേന്ദ്രീകരിക്കപ്പെട്ടു കഴിഞ്ഞോ? ഇതൊന്നും നിരാകരിക്കാൻ കഴിയാത്ത വിമർശനങ്ങളാണ്. അനുഭവസമ്പത്തില്ലാത്ത പുതുമുഖങ്ങൾക്കും സിപിഎമ്മിനും പിണറായി വിജയൻ അപ്രഖ്യാപിത ക്യാപ്റ്റനാണ്. പിണറായി വിജയനും, വിഎസ്സും, ഇ.എം.എസ്സും, നായനാരും പാർട്ടിയുടെ പ്രതീകങ്ങൾ ആണല്ലോ. ‘പാർട്ടിയാണ് പ്രധാനം, വ്യക്തികൾ പാർട്ടിക്ക് കീഴിലാണ് ‘ എന്നാണ് സിപിഎം നിലപാട്. പാർട്ടിയെ നിയന്ത്രിക്കുന്ന തൽപരകക്ഷികളാണ് കേരളത്തിലെ പാർട്ടിയെന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

പെണ്ണിനെന്താ കുഴപ്പം?

ആരോഗ്യ മന്ത്രിയായിരുന്ന ശൈലജ ടീച്ചർക്ക് അർഹമായ പരിഗണനയാണോ സിപിഎം നൽകിയത് എന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ ഇതിനോടകം കൊടുമ്പിരി കൊണ്ടിരിക്കുന്നു. സർക്കാരിന്റെ ഭരണ മികവിനെ സിപിഎം പിണറായി വിജയനിലേക്ക് ചുരുക്കിയെന്നുള്ള വിമർശനം ചിലർക്കെങ്കിലുമുണ്ടാകും. തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ മുഖം പിണറായി വിജയനായിരുന്നു. പാർട്ടിയുടെ പ്രതിച്ഛായ വർധിച്ചതിൽ ആരോഗ്യവകുപ്പിനും ശൈലജ ടീച്ചർക്കും ഒരുപോലെ പങ്കുണ്ടെന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളിലെ അഭിപ്രായ പ്രകടനങ്ങൾ. ശൈലജ ടീച്ചറെ മന്ത്രി സഭയിലേക്ക് തിരിച്ചുവിളിക്കണമെന്നാണ് ഒരു കൂട്ടം സഖാക്കളുടെയും നിക്ഷ്പക്ഷ ജനവിഭാഗത്തിന്റെയും ഫെമിനിസ്റ്റുകളുടെയും ആവശ്യം. ‘പുരയ്ക്കു മീതെ വളരുന്നത് സ്വർണം കായിക്കുന്ന മരമായാലും വെട്ടി മാറ്റണമെന്നാണ് പഴമക്കാർ പറഞ്ഞിട്ടുള്ളത് ‘ ഇത്തരത്തിൽ പാർട്ടിയുടെ ഇരട്ടത്താപ്പിനെ വിമർശിക്കുന്നവരുമുണ്ട്. ഗൗരിയമ്മയെ പോലെ ശൈലജ ടീച്ചറേയും പാർട്ടിയിലെ ആൺ മേധാവിത്ത്വം തഴഞ്ഞോയെന്ന ആശങ്ക പ്രകടിപ്പിക്കുന്ന നവമാധ്യമങ്ങളും സാധാരണ പൗരന്മാരുമുണ്ട്. പിണറായി വിജയനെ പോലെ തന്നെ അർഹമായ അംഗീകാരം ശൈലജ ടീച്ചർക്കും നൽകണമായിരുന്നു. ആരോഗ്യവകുപ്പിന് നേതൃത്വം നൽകിയ ശൈലജ ടീച്ചറും കൊച്ചു കേരളവും അന്താരാഷ്ട്രതലത്തിൽ ചർച്ചാവിഷയമായിരുന്നു. നിരവധി അവാർഡുകളും അംഗീകാരങ്ങളും ടീച്ചറെ തേടിയെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങളിലൂടെ സർക്കാരിൻറെ പ്രതിച്ഛായ അന്താരാഷ്ട്രതലത്തിൽ ഉയരുകയും ചെയ്തു. ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേർഡിനൊപ്പം ശൈലജ ടീച്ചറേയും താരതമ്യം ചെയ്യപ്പെട്ടു. ഇങ്ങനെയൊക്കെ ചർച്ചാവിഷയമായ ടീച്ചറെ തഴഞ്ഞത് പാർട്ടിയിലെ ആൺ മേധാവിത്ത്വമാണെന്ന് പാർട്ടിക്കതീതമായ ചില നല്ല മനസ്സുകളെങ്കിലും ചിന്തിക്കുന്നുണ്ടാവാം. “പെണ്ണിനെന്താ കുഴപ്പം? ആണിന്റെ അന്തസ്സ് കാണിച്ചൂവെന്നാ” സഭയെയും നവ കേരളത്തെയും പ്രകമ്പനം കൊള്ളിച്ച ടീച്ചറുടെ വാക്കുകളാണിവ. ജനഹിതം അറിഞ്ഞു പ്രവർത്തിക്കുന്നതിൽ സർക്കാരിനും സിപിഎമ്മിനും വീഴ്ച പറ്റിയിട്ടുണ്ട്. കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ പാർട്ടിക്കാണ് പ്രാമുഖ്യമെങ്കിൽ ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾക്കാണ് പരമാധികാരം. ജനഹിതമറിഞ്ഞു പ്രവർത്തിക്കാൻ സർക്കാരിനും സിപിഎമ്മിനും ഒരുപോലെ കഴിയണം. സ്വേച്ഛാധിപത്യ പ്രവണത കാണിക്കുന്ന നയങ്ങൾ കണ്ണടച്ച് ഇരുട്ടാക്കുന്നതിന് സമാനമാണ്. ‘പ്രബുദ്ധ കേരളമേ മിഴിതുറക്കൂ’ എന്ന മുദ്രാവാക്യം കേരള നാട്ടിൽ അലയൊലികൾ തീർത്തേക്കാം. ലിംഗ വിവേചനത്തിന് തീർപ്പുകൽപ്പിക്കാനുള്ള പ്രാരംഭ നടപടികൾ സർക്കാർ തലത്തിൽ നിന്നും വിവിധ പാർട്ടി തലത്തിൽ നിന്നും തുടങ്ങണം. പ്രമുഖ രാഷ്ട്രീയ-സാമൂദായിക സംഘടനകളുടെ നേതൃനിരയിൽ എത്ര വനിതകളെ അതത് സംഘടനകൾക്ക് നിലനിർത്താനാവും? അത്തരത്തിൽ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും സ്ത്രീ പ്രാധിനിധ്യം ഉറപ്പുവരുത്തണം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് മട്ടന്നൂരിൽ നിന്ന് ശൈലജ ടീച്ചർ വിജയിച്ചത്. പാർട്ടിയുടെ മുഖമായ പിണറായി വിജയനെക്കാളും വൻ ഭൂരിപക്ഷത്തിലായിരുന്നു അവരുടെ വിജയം. മന്ത്രിമാർ ആരൊക്കെ എന്നുള്ള വിവരം സിപിഎം പ്രഖ്യാപിച്ചയുടനെ മാധ്യമ സംഘം മട്ടന്നൂർ നിയോജക മണ്ഡലത്തിലെ ജനഹിതം എന്താണെന്നറിയാൻ തുനിഞ്ഞിറങ്ങി. ‘ശൈലജ ടീച്ചർ മന്ത്രിയായി കാണാനല്ലേ ഞങ്ങൾ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത് ‘ എന്നായിരുന്നു പലരുടെയും മറുപടി. ജനഹിതമറിഞ്ഞ് പ്രവർത്തിക്കാത്ത സിപിഎമ്മിന്റെ ഈ നിലപാട് അധികാരത്തിന്റെ ധാർഷ്ട്യമാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങളായ ബൃന്ദാ കാരാട്ടിന്റെയും സീതാറാം യെച്ചൂരിയുടെയും അതൃപ്തി നിലനിൽക്കെയാണ് സിപിഎമ്മിന്റെ വിവേചനപരമായ ഈ തീരുമാനം. ജനസമ്മതിയും കാര്യപ്രാപ്തിയുമുള്ള ടീച്ചറെ പോലുള്ളവരെ തഴഞ്ഞല്ല പാർട്ടി വിപ്ലവം രചിക്കേണ്ടത്.

പിണറായിയുടെ രണ്ടാം വരവിൽ കോൺഗ്രസ്‌ എവിടെ?

സത്യപ്രതിജ്ഞാ ചടങ്ങിൽ അഞ്ഞൂർ പേരെ ഉൾപ്പെടുത്തിയ സംഭവത്തിൽ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധമായിരുന്നു. സമൂഹമാധ്യമങ്ങളിലെ പ്രതിഷേധം ഏറ്റെടുത്തുകൊണ്ട് കോൺഗ്രസും മുസ്ലിം ലീഗും രംഗത്തെത്തി. നിയമസഭയിൽ യുഡിഎഫിനെ ആരു നയിക്കുമെന്ന കാര്യത്തിൽ പോര് മുറുകി കൊണ്ടിരിക്കുകയാണ്. ഒരു വശത്ത് സിപിഎം വിപ്ലവകരമായ തീരുമാനങ്ങളെടുക്കുമ്പോൾ യുഡിഎഫ് അതിനൊപ്പം വളരാത്തത് ലജ്ജാകരമാണ്. ആദർശ ശുദ്ധിയും ചരിത്ര പാരമ്പര്യവുമുള്ള പാർട്ടി ആണല്ലോ കോൺഗ്രസ്. പ്രതിപക്ഷം നിറവേറ്റേണ്ടതായ പ്രതിപക്ഷ ധർമ്മങ്ങളെ കൈകാര്യം ചെയ്യുന്നതിനൊപ്പം തന്നെ അവരുടെ സംഘടനാ സുസ്ഥിരതയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഇത് പരസ്പരം ഇടഞ്ഞുനിൽക്കുന്ന ആദർശ ശുദ്ധിയുള്ള കോൺഗ്രസുകാരുടെയും അഭിപ്രായമാണ്. ഭരണപക്ഷത്തിനൊപ്പം പ്രതിപക്ഷത്തിന് വളരാൻ കഴിയാത്ത കാലമത്രയും തെരഞ്ഞെടുപ്പ് വിജയമെന്നത് യുഡിഎഫിന് സ്വപ്നത്തിൽപോലും ദർശിക്കാൻ കഴിയില്ല. തെരഞ്ഞെടുപ്പിൽ ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കിയ യു.ഡി.എഫ് ജനങ്ങളെ വിലകുറഞ്ഞവരായി കണക്കാക്കരുത്. യുഡിഎഫിനില്ലാത്ത നിലവാരവും വളർച്ചയും ജനങ്ങൾക്ക് കൈവന്നിട്ടുണ്ടെന്ന വസ്തുത മനസ്സിലാക്കി വേണം ഇനിയുള്ളകാലം കോൺഗ്രസ് പ്രവർത്തിക്കാൻ. ‘കോവിഡ് റാണിയെന്നും, ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത് ‘ എന്ന് തുടങ്ങുന്ന മ്ലേച്ചകരമായ സ്ത്രീ വിരുദ്ധ പരാമർശങ്ങളുന്നയിക്കുന്നവരും തങ്ങളുടെ നാക്കുകൾക്ക് വിലക്കേർപ്പെടുത്തുക. വളർന്നു മൂർച്ഛിച്ചു നിൽക്കുന്ന സ്ത്രീവിരുദ്ധ മനോഭാവം കഴിയുമെങ്കിൽ തിരുത്തുക . രാഷ്ട്രീയക്കാരന്റെ ഓരോ ചലനത്തിലും ജനാധിപത്യ വ്യവസ്ഥയിലും ജനങ്ങൾ ജാഗരൂകരാണ്. പാളിച്ചകളെ വിമർശന ബുദ്ധിയോടെ നോക്കി കണ്ട് ഉചിതമായ തീരുമാനമെടുത്താൽ ചരിത്ര പാരമ്പര്യമുള്ള പാർട്ടിക്ക് കെപിസിസി ആയി കേരളത്തിൽ തുടരാമെന്ന നിലയിലേക്ക് കാര്യങ്ങൾ കൈവന്നിട്ടുണ്ട്. രാഷ്ട്രീയ മര്യാദയും മാന്യതയും ഒട്ടും കളയാതെ കാര്യക്ഷമമായി പ്രവർത്തിച്ചാൽ ജനം കൈവിടില്ലായെന്ന സത്യത്തെ തിരിച്ചറിഞ്ഞുകൊണ്ട് പ്രതിപക്ഷ ധർമ്മം നിറവേറ്റുക. ശേഷം ജനാധിപത്യത്തിൻറെ ഉത്സവമായ ആ ദിനത്തിൽ തെരഞ്ഞെടുപ്പ് രണാങ്കണ ഭൂമികയിൽ നേർക്കുനേർ നിന്ന് പൊരുതുക.

Leave a Reply

Your email address will not be published. Required fields are marked *