‘പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ വന്നവര്‍ അലസമായി അഴിച്ചിട്ട ചെരുപ്പുകള്‍ ജോഡിയൊപ്പിച്ച് അടുക്കിവെക്കുന്ന സിഖ് മതവിശ്വാസി’ വീഡിയോ വൈറല്‍..(വീഡിയോ കാണാം )

Latest

വെറുപ്പും വിദ്വേഷവും നിറയുന്ന ഈ കാലത്ത് സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റേയും വാർത്തകൾ നമുക്കേറെ പ്രിയമാണ്. നല്ലവാർത്തകൾക്കായി എന്നും കാത്തിരിക്കുന്നവരാണ് നമ്മൾ. അത്തരത്തിൽ ഒരു വാർത്തയിതാ. ബർദുബെ വലിയ പള്ളിയിൽ നിന്നുള്ളതെന്ന് പറയുന്ന ഈ സന്തോഷ ദൃശ്യം ഷക്കീർ കോളയാട് എന്നയാളാണ് ഈ നല്ല വാർത്ത നമുക്ക് നൽകുന്നത്. ഷക്കീറിന്റെ കുറിപ്പ് നവാസ് വി.ടി ഫേസ്ബുക്കിൽ പങ്കുവെച്ചതാണ്. പള്ളിയിൽ ഇശാഉം തറാവീഹും നിർവ്വഹിക്കാനെത്തിയവർ അലസമായി പരത്തിയിട്ട ചെയരുപ്പുകൾ സിഖ് മത വിശ്വാസിയായ യുവാവ് ജോഡിയൊപ്പിച്ച് അടുക്കി വെക്കുന്നതാണ് വീഡിയോ. തനിക്കു ചുറ്റുമുള്ളവരെയൊന്നും ശ്രദ്ധിക്കാതെ തന്റെ ജോലിയിൽ വ്യാപൃതനായിരിക്കുകയാണ് അദ്ദേഹം.

*കുറിപ്പ് വായിക്കാം*

ഇന്നലെ ബർദുബൈ വലിയ പള്ളിയിൽ നിന്ന് ഇഷാ നിസ്കാരം കഴിഞ്ഞു പുറത്തിറങ്ങുമ്പോളാണ് ഈ കാഴ്ച കണ്ടത് . പള്ളിയിൽ നിസ്കാരത്തിനായി കയറിയവർ പുറത്തു പരക്കെ അലസമായി അഴിച്ചു വെച്ച ചെരിപ്പുകൾ ഒരാൾ ഓരോന്നിന്റെയും ജോഡി കണ്ടെത്തി പെറുക്കിയെടുത്തു കൃത്യമായി വൃത്തിയായി ക്രമീകരിച്ചു വെക്കുന്നു . ആദ്യം കരുതിയത് പള്ളിയിലെ ക്ളീനിങ് വർക്കർ ആയിരിക്കുമെന്നാണ് . പക്ഷേ അതൊരു ചെറുപ്പക്കാരനായ സിഖ് മത വിശ്വാസിയുമായ സർദാർജി ആയിരുന്നു . എനിക്ക് കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല !! ഒരു മുസ്ലിം ആരാധനാലയത്തിന് മുന്നിലുള്ള നൂറു കണക്കിനു ആളുകളുടെ ചെരുപ്പുകൾ സ്വന്തം കൈകൊണ്ടെടുത്തു അടുക്കി വെച്ച് അതൊരു മനോഹര കാഴ്ച്ചയാക്കാൻ ശ്രമിക്കുന്ന ഒരു സിഖ് കാരൻ , അദ്ദേഹത്തിന്റെ അടുത്തെത്തി സ്‌നേഹാദരവുകൾ പ്രകടിപ്പിച്ചു ഞാൻ കുറച്ചു സമയം അദ്ദേഹത്തോടൊപ്പം കൂടി . പക്ഷേ ആരോടും കൂടുതൽ സംസാരിക്കാനൊന്നും നിൽക്കാതെ അദ്ദേഹം തന്റെ പ്രവർത്തിയിൽ തന്നെ മുഴുകിയിരിക്കുന്നു . പള്ളിയിൽ സ്ഥിരം വരുന്നവരോ , പള്ളി പരിപാലകരോ ഒരിക്കൽ പോലും ചെയ്‌തു കണ്ടിട്ടില്ലാത്ത ഈയൊരു പ്രവർത്തിക്കു അദ്ദേഹത്തിന് പ്രചോദനമായ ഒരു സന്ദേശം മാത്രം എന്നോട് പറഞ്ഞു തന്നു . “വീടുകളിലായാലും , ആരാധനാലയങ്ങളിലായാലും പാദരക്ഷകൾ അഴിച്ചു വെക്കുന്നത് വൃത്തിയിലും വെടിപ്പിലും ആകുന്നതു കുടുംബങ്ങളിലും , പരസ്പരം മനുഷ്യരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവാൻ കാരണമാവുമെന്നു. ഇവിടെ പ്രാർത്ഥിക്കാൻ വരുന്നവരിലും ഐക്യവും ഐശ്വര്യവും ഉണ്ടാവട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു “. ഒരു മതത്തിന്റെ ഘോഷയാത്ര നടക്കുമ്പോൾ പ്രകോപിതരാവാതിരിക്കാൻ മറ്റൊരു മത ആരധനാലയത്തിന്റെ മുഖം ‘തുണി കൊണ്ട് മൂടി മറച്ചു വെക്കേണ്ട’ ഗതികേടുള്ള ഒരു രാജ്യത്തിന്റെ പൗരൻ തന്നെയാണ് ഇദ്ദേഹവും . അതെസമയം മറ്റൊരു ദേവാലയത്തിനു മുന്നിൽ നിന്ന് ചെരുപ്പ് പെറുക്കി അടുക്കി വെച്ച് ആ ദേവാലയത്തിന്റെ മുഖം സുന്ദരമാക്കി വെക്കുന്ന, അവിടേ നിസ്കരിക്കാൻ വന്നവർക്കു ഐശ്വര്യവും ഐക്യവും ആഗ്രഹിക്കുന്ന ഈ മനുഷ്യൻ ഹൃദയത്തിൽ ചേർത്ത് വെച്ച ഈ കാഴ്ച എന്തെല്ലാം നന്മകളുടെ , മനുഷ്യ സുകൃതങ്ങളുടെ തിരിച്ചറിവുകളാണ് നമ്മളിലേക്ക് നൽകിയത് !💙 ഷക്കീർ കോളയാട്

Leave a Reply

Your email address will not be published. Required fields are marked *