ഹിജാബ് വിവാദം; സെന്റ് റീത്താസിലെ പഠനം ഉപേക്ഷിച്ച് വിദ്യാര്‍ത്ഥിനി; ടി സി വാങ്ങും

Latest

കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ പഠനം ഉപേക്ഷിക്കാനൊരുങ്ങി വിദ്യാര്‍ത്ഥിനി. വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ മാറ്റുമെന്ന് പിതാവ് അറിയിച്ചു. സ്‌കൂളില്‍ നിന്നും വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുമെന്നും കുട്ടിയുടെ ആവശ്യപ്രകാരമാണ് തീരുമാനമെന്നുമാണ് പിതാവ് അറിയിച്ചത്. ഹിജാബുമായി ബന്ധപ്പെട്ട വിവാദം കുട്ടിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും സെന്റ് റീത്താസ് സ്‌കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നുമാണ് പിതാവ് അറിയിച്ചത്. പുതിയ സ്കൂളിൽ പഠനം തുടരും.

 

സ്‌കൂള്‍ മാനേജ്‌മെന്റ് വിഷയം രാഷ്ട്രീയവത്കരിക്കുകയാണെന്ന് മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു. പ്രശ്‌നപരിഹാരമല്ല സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ് സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞിരുന്നു. കുട്ടി മാനേജ്മെന്റ് നിര്‍ദേശിക്കുന്ന യൂണിഫോം ധരിച്ചെത്താമെന്ന് പിതാവ് ഹൈബി ഈഡന്‍ എംപിയുമായുള്ള സമയവായ ചര്‍ച്ചയ്ക്ക് പിന്നാലെ അറിയിച്ചിരുന്നെങ്കിലും വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടര്‍പഠനത്തിന് സ്‌കൂള്‍ അനുമതി നല്‍കണമെന്ന് മന്ത്രി അറിയിക്കുകയായിരുന്നു.എന്നാല്‍ വിദ്യാഭ്യാസ വകുപ്പ് നിലപാടിനെതിരെ സ്‌കൂള്‍ അധികൃതര്‍ അതൃപ്തി പരസ്യപ്പെടുത്തിയിരുന്നു. വിഷയത്തില്‍ സ്‌കൂളിന് വീഴ്ച പറ്റിയിട്ടില്ല എന്നുള്ള വിശദീകരണമാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *