തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്‍ററിനെതിരായ ബോംബാക്രണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയൊരുക്കി പൊലീസ്. തലസ്ഥാനത്ത് കൂടുതൽ പൊലീസിനെ വിന്യസിപ്പിച്ചു. കൂടാതെ കണ്ണൂരിലും കനത്ത സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെയും വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു.
എകെജി സെന്ററിനു സമീപം വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. നഗരത്തിലെ വിവിധ റോഡുകളിൽ പൊലീസ് പരിശോധന ശക്തമാക്കി. കണ്ണൂര്‍ ഡിസിസി ഓഫിസിനും സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസിനും സുരക്ഷകൂട്ടി. നൈറ്റ് പട്രോളിങ് ശക്തമാക്കി. കമ്മിഷണറുടെ നേതൃത്വത്തില്‍ സ്ഥിതി വിലയിരുത്തുന്നു. രാഹുല്‍ ഗാന്ധി വരുന്നത് കണത്തിലെടുത്ത് വിമാനത്താവളത്തിലും വന്‍ സുരക്ഷയൊരുക്കും. വിവിധ ജില്ലകളിലെ രാഷ്ട്രീയ പാര്‍ട്ടി ഓഫീസുകള്‍ക്കും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.എകെജി സെന്ററിൽ പ്രവർത്തിക്കുന്ന എകെജി ഹാളിലേക്കുള്ള ഗേറ്റിനു സമീപത്തെ കരിങ്കൽ ഭിത്തിയിലേക്കാണ് കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും ഇരുചക്രവാഹനത്തിലെത്തിയ യുവാവ് ബോംബെറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങളിൽ കാണുന്നതു പ്രകാരം വ്യാഴാഴ്ച രാത്രി 11.24 ഓടെയാണ് സ്ഫോടനമുണ്ടായത്. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നുവെന്ന് സിപിഐഎം ഓഫീസ് സെക്രട്ടറി പറഞ്ഞു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയതായും ഓഫീസ് സെക്രട്ടറി പറഞ്ഞു. സ്ഫോടനം നടന്നതിന്റെ വലിയ ശബ്ദം കേട്ടാണ് പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തിയത്. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, ഇപി ജയരാജന്‍, പികെ ശ്രീമതി തുടങ്ങിയ മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്.
ആക്രമണത്തെ സിപിഐഎം ശക്തമായി അപലപിച്ചു. സംഭവത്തിലെ ഉത്തരവാദികളെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.