സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Latest കേരളം പ്രാദേശികം

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം . വയനാട് , കണ്ണൂർ , കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട മുതല്‍ കോഴിക്കോട് വരെയുള്ള 9 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് .

മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ പുതിയ ചക്രവാത ചുഴി ഇന്ന് രൂപപ്പെടും. ഇതിന് പുറമേ കോമറിന്‍ മേഖലയില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ഈ മാസം 10 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വെള്ളിയാഴ്ച വരെ കേരള തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തി.

അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചിൽ ഇന്നും തുടരും . മൂന്ന് പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കഴിഞ്ഞ രണ്ട് ദിവസമായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും കനത്ത മഴയും കാറ്റും ശക്തമായ കടല്‍ക്ഷോഭവും തിരിച്ചടിയായിരുന്നു.

കോസ്റ്റ് ഗാര്‍ഡിനും പൊലീസിനും പുറമെ നാവികസേനയുടെ ഹെലികോപ്റ്ററും കപ്പലും തെരച്ചിലിന് എത്തും. മത്സ്യത്തൊഴിലാളികളും സമാന്തരമായി തെരച്ചില്‍ നടത്തുന്നുണ്ട്. ക്രെയിന്‍ എത്തിച്ചെങ്കിലും അപകടസ്ഥലത്തേക്ക് എത്തിക്കാനായിട്ടില്ല. രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് ആരോപിച്ച് മത്സ്യത്തൊഴിലാളികള്‍ ഇന്നലെ റോഡ് ഉപരോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *