കണ്ണൂര്‍: മോട്ടോര്‍ വാഹന വകുപ്പ് ഓഫിസില്‍ അതിക്രമം കാണിച്ചെന്ന കേസില്‍ ജാമ്യം തേടി യൂട്യൂബര്‍മാരായ എബിനും ലിബിനും കോടതിയില്‍ അപേക്ഷ നല്‍കി. ഇവരെ പൊലീസ് മര്‍ദിച്ചതായി അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ചുമലിലും കൈകള്‍ക്കും പരിക്കേറ്റതായും ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും മജിസ്ട്രേറ്റിനെ ബോധിപ്പിച്ചു. തീവ്രാദികളോട് പെരുമാറുന്ന പോലെയാണ് ആര്‍.ടി.ഒയും പൊലീസും പ്രവര്‍ത്തിച്ചത്.
നിയമലംഘനങ്ങള്‍ക്ക് പിഴയൊടുക്കാം എന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്. ഇവരുടെ ജാമ്യാപേക്ഷ ആഗസ്റ്റ് 12ന് പരിഗണിക്കും.
പൊതുമുതല്‍ നശിപ്പിച്ചതടക്കം പത്തിലേറെ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. സംഭവത്തില്‍ പൊലീസിനെതിരെ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ ചൊവ്വാഴ്ച ഉച്ചക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ഇവര്‍ ഉത്തരേന്ത്യയിലൂടെ നിയമം ലംഘിച്ച് വാഹനം ഓടിക്കുന്നതിന്‍റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുക്കുമെന്നും ബിഹാര്‍ പൊലീസിന് വിഡിയോ കൈമാറുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ഇരിട്ടി സ്വദേശികളായ എബിന്‍, ലിബിന്‍ എന്നിവരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനം രൂപമാറ്റം വരുത്തിയതും നികുതി അടക്കാത്തതും അടക്കമുള്ള നിയമലംഘനങ്ങളെതുടര്‍ന്ന് കണ്ണൂര്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം കഴിഞ്ഞദിവസം ഇവരുടെ വാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്കായി യുട്യൂബര്‍മാരോട് തിങ്കളാഴ്ച ആര്‍.ടി ഓഫിസിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു.
ഓഫിസിലെത്തിയ ഇവര്‍ ബഹളംവെച്ച് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. 19 അനുയായികളുമായാണ് ഇവര്‍ ഓഫിസിലെത്തിയതെന്നും നിയമലംഘനങ്ങള്‍ പറഞ്ഞുമനസ്സിലാക്കുകയാണ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
എന്നാല്‍, തങ്ങളെ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പീഡിപ്പിക്കുകയാണെന്ന് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. യുട്യൂബര്‍മാര്‍ വിഡിയോയിലൂടെ വിവരമറിയിച്ചതിനെതുടര്‍ന്ന് ഇവരുടെ നിരവധി ആരാധകരും സ്ഥലത്തെത്തി. ഉദ്യോഗസ്ഥര്‍ പീഡിപ്പിക്കുകയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നും അറിയിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ലൈവ് വിഡിയോയും ഇവര്‍ പങ്കുവെച്ചു.
ബഹളത്തിനൊടുവില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ആര്‍.ടി ഓഫിസ് ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് ഇവര്‍ക്കെതിരെ കേസെടുത്തത്. വെള്ള നിറത്തിലായിരുന്ന വാനിെന്റ നിറം മാറ്റിയതും അനുവദനീയമല്ലാത്ത ലൈറ്റുകള്‍ ഘടിപ്പിച്ചതും വാഹനം രൂപമാറ്റം വരുത്തിയതുമടക്കമുള്ള നിയമലംഘനങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. ഓണ്‍ലൈനായി മജിസ്ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.