ഉറങ്ങിയുറങ്ങി അടിച്ചെടുത്തത് അഞ്ചു ലക്ഷം! ഇന്ത്യയുടെ ഉറക്കറാണിയായി ത്രിപർണ

Latest ഇന്ത്യ വിദ്യാഭ്യാസം/ തൊഴിൽ

ന്യൂഡൽഹി: ഉറങ്ങിയുറങ്ങിയുറങ്ങി ഒരു 26കാരി സ്വന്തമാക്കിയത് അഞ്ചുലക്ഷം രൂപ! കേട്ടിട്ട് ഞെട്ടേണ്ട! കൊൽക്കത്തക്കാരിയായ ത്രിപർണ ചക്രവർത്തിയാണ് ഇന്ത്യയുടെ  ഉറക്കരാജ്ഞിയായിരിക്കുന്നത്.

ഇന്ത്യൻ കിടക്ക നിർമാതാക്കളായ ‘വെയ്ക്ക്ഫിറ്റ്’ സംഘടിപ്പിച്ച ഉറക്കമത്സരത്തിലാണ് ത്രിപർണയുടെ കൗതുകരമായ നേട്ടം. തുടർച്ചയായി 100 ദിവസം ഇടതടവില്ലാതെ ഒൻപതു മണിക്കൂർ ഉറങ്ങിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. വെയ്ക്ക്ഫിറ്റിന്റെ സ്ലീപ്പ് ഇന്റേൺഷിപ്പ് സീസൺ രണ്ടിന്റെ ചാംപ്യനായാണ് 26കാരിയെ തിരഞ്ഞെടുത്തിരിക്കുന്നത്.മൂന്നു മാസത്തിലേറെ നീണ്ട മത്സരത്തിനൊടുവിൽ നാലുപേരാണ് ഫൈനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഒറ്റ ദിവസത്തെ ലൈവ് ഉറക്കമായിരുന്നു ഫൈനൽ.

ഫൈനലിൽ ബാക്കി മൂന്നുപേരെയും ഏറെ പിന്നിലാക്കി ത്രിപർണ ചാംപ്യൻപട്ടം സ്വന്തമാക്കി. 95 ശതമാനം ഉറക്ക കാര്യക്ഷമതാ നിരക്കാണ് ത്രിപർണയ്ക്കുണ്ടായിരുന്നത്. ഫൈനലിസ്റ്റുകളായ മറ്റു മൂന്നുപേർക്ക് ഒരു ലക്ഷം വീതവും ലഭിച്ചിട്ടുണ്ട്.ശാസ്ത്രീയമായ രീതിയിലുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം മുന്നിൽകണ്ടാണ് ഇന്റേൺഷിപ്പ് രീതിയിൽ ചാംപ്യൻഷിപ്പ് സംഘടിപ്പിക്കുന്നതെന്ന് വെയ്ക്ക്ഫിറ്റ് ഡയരക്ടറും സഹസ്ഥാപകനുമായ ചൈതന്യ രാമലിംഗഗൗഡ പറഞ്ഞു.ചാംപ്യൻഷിപ്പിന്റെ ഭാഗമായി മത്സരാർത്ഥികൾക്ക് വിദഗ്ധരുടെ കൗൺസിലിങ് സെഷനുകൾ ലഭിക്കും.

ഫിറ്റ്‌നസ് വിദഗ്ധരുമായും ഭവനാലങ്കാര രംഗത്തെ പ്രമുഖരുമായും സംവദിക്കാനുള്ള അവസരവും ലഭിക്കും.ചാംപ്യൻഷിപ്പിന്റെ ആദ്യ സീസണിനു തന്നെ വൻ പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകർ പറയുന്നു. രണ്ടു ലക്ഷത്തോളം അപേക്ഷയാണ് ലഭിച്ചിരുന്നത്. ഇത്തവണ 5.5 ലക്ഷം പേരും അപേക്ഷിച്ചു. അടുത്ത സീസൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ലിങ്കിൽ പോയി മത്സരത്തിനായി അപേക്ഷിക്കാം.

Leave a Reply

Your email address will not be published. Required fields are marked *