ന്യൂഡൽഹി: രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ നടക്കുന്ന വിദ്വേഷ കുറ്റകൃത്യങ്ങളിൽ കടുത്ത നടപടികളുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഗോരക്ഷാ സംഘങ്ങളെ നിലയ്ക്കു നിർത്താൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയയിലും വിദ്വേഷക്കൊലകളിലും ആശങ്കയുമായി കൂടിക്കാഴ്ചയ്‌ക്കെത്തിയ മുസ്‌ലിം പണ്ഡിതരുടെ പ്രതിനിധി സംഘത്തോടാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.ഇന്നലെ ഡൽഹിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ മഹ്മൂദ് അസ്അദ് മദനിയുടെ നേതൃത്വത്തിലുള്ള 16 അംഗ സംഘമാണ് സംഘത്തിലുണ്ടായിരുന്നത്.
രാമനവമി അടക്കമുള്ള ആഘോഷങ്ങൾക്കിടെ നടക്കുന്ന അക്രമസംഭവങ്ങൾ, ആൾക്കൂട്ടക്കൊലകൾ, മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ, മുസ്‌ലിം സംവരണം എടുത്തുമാറ്റൽ, ഏക സിവിൽ കോഡ്, മുസ്‌ലിംകൾക്കെതിരെ നടക്കുന്ന ബുൾഡോസർ രാജ്, വഖഫ് കൈയേറ്റം അടക്കം 14 വിഷയങ്ങളാണ് സംഘം അമിത് ഷായോട് ഉന്നയിച്ചതെന്ന് കൂടിക്കാഴ്ചയിൽ പങ്കെടുത്ത ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് സെക്രട്ടറി നിയാസ് ഫാറൂഖി അറിയിച്ചു.
രാഷ്ട്രീയ പ്രസംഗങ്ങളിലൊന്നും കാണാത്ത മറ്റൊരു അമിത് ഷായെയാണ് കൂടിക്കാഴ്ചയിൽ കണ്ടതെന്ന് ഫാറൂഖി ‘എൻ.ഡി.ടി.വി’യോട് പറഞ്ഞു. എല്ലാം വിശദമായി കേട്ടു. അനുകൂലമായി പ്രതികരിക്കുകയും ചെയ്തു. നിഷേധസ്വരത്തിലായിരുന്നില്ല സംസാരിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
മൗലാനാ അസ്ഗർ അലി ഇമാം മഹ്ദി സലഫി(മർകസി ജംഇയ്യത്ത് അഹ്ലെ ഹദീസ് ഹിന്ദ്), മൗലാനാ ശബീർ നദ്‌വി(നാസിഹ് എജ്യുക്കേഷൻ ട്രസ്റ്റ്, ബംഗളൂരു), കമാൽ ഫാറൂഖി(ആൾ ഇന്ത്യ മുസ്‌ലിം പേഴ്‌സനൽ ലോ ബോർഡ് അംഗം), അക്തർ അൽവാസി(ഖുസ്‌റു ഫൗണ്ടേഷൻ, ഡൽഹി), പി.എ ഇനാദാർ(എം.സി.ഇ സൊസൈറ്റി, പൂനെ), ഡോ. സഹീർ കാസി(അഞ്ജുമൻ ഇസ്‌ലാം, മുംബൈ), ജംഇയ്യത്തുൽ ഉലമാലെ ഹിന്ദ് പ്രതിനിധികളായ മൗലാനാ മുഹമ്മദ് സൽമാൻ ബജ്‌നൂരി, മൗലാനാ നദീം സിദ്ദീഖി(മഹാരാഷ്ട്ര), മുഫ്തി ഇഫ്തികാർ അഹ്മദ് ഖാസിമി, മുഫ്തി ശംസുദ്ദീൻ ബജ്‌ലി(കർണാടക), മൗലാനാ അലി ഹസൻ മസ്ഹരി, മൗലാനാ യഹ്‌യ കരീമി(ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്), മൗലാന മുഹമ്മദ് ഇബ്രാഹിം(കേരള), ഹാജി ഹസൻ അഹ്മദ്(തമിഴ്‌നാട്) എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.