ബദിയഡുക്ക(കാസർകോട്): പതിനേഴും പതിനൊന്നും വയസ്സുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവിനെയും സുഹൃത്തിനെയും ബദിയഡുക്ക പോലീസ് അറസ്റ്റ് ചെയ്തു. ചെങ്കള തെക്കിൽ പള്ളത്തുങ്കാലിലെ പി.അബ്ദുൾ ലത്തീഫിനെ(41)യാണ് അറസ്റ്റ് ചെയ്തത്.
പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടികളുടെ മാതാവിന്റെ പേരിലും പോലീസ് കേസെടുത്തു. പോക്സോ നിയമപ്രകാരമാണ് കേസ്.ബന്ധുവെന്ന് പരിചയപ്പെടുത്തിയാണ് പെൺകുട്ടികളുടെ മാതാവ് അബ്ദുൾ ലത്തീഫിനെ വീട്ടിൽ താമസിപ്പിച്ചത്.
ഇയാൾക്ക് ഏതു സമയത്തും വീട്ടിൽ വരാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ബന്ധുവാണെന്ന് പറഞ്ഞതിനാൽ അയൽക്കാരും സംശയിച്ചില്ല.ഇളയകുട്ടി ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് സ്കൂളിൽ കുഴഞ്ഞ് വീണപ്പോൾ നടത്തിയ കൗൺസലിങ്ങിലൂടെയാണ് പീഡനവിവരം പുറത്തായത്.
സ്കൂൾ അധികൃതർ ചൈൽഡ് ലൈനിലും പോലീസിലും വിവരമറിയിച്ചു. തുടർന്ന് ബദിയടുക്ക എസ്.ഐ. കെ.പി.വിനോദ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ പങ്ക് വ്യക്തമായത്. കാസർകോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.