കെ.സുരേന്ദ്രൻ ഒന്നാം പ്രതി; മഞ്ചേശ്വരം കോഴക്കേസില്‍ കുറ്റപത്രം സമർപ്പിച്ചു

Latest കേരളം പ്രാദേശികം

കാസര്‍കോഡ്: കെ.സുരേന്ദ്രൻ ഒന്നാം പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ കുറ്റപത്രം സമർപ്പിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പ്പെടുത്തിയാണ് കേസ് ചുമത്തിയിരിക്കുന്നത്. കാസർകോട് ജില്ല കോടതിയിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം നൽകിയത്. കെ സുരേന്ദ്രൻ ഉൾപ്പടെ അഞ്ചു പേരാണ് കേസിൽ പ്രതികളായുള്ളത്.

സുരേന്ദ്രന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറും ബി.ജെ.പി. മുന്‍ ജില്ലാ പ്രസിഡന്‍റുമായിരുന്ന അഡ്വ. കെ. ബാലകൃഷ്ണ ഷെട്ടി, യുവമോര്‍ച്ച നേതാവ് സുനില്‍ നായിക്, വൈ. സുരേഷ്, മണികണ്ഠ റൈ, ലോകേഷ് ലോണ്ട എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ സുരേന്ദ്രനെതിരെ ജനാധിപത്യ നിയമത്തിലെ 171 ബി, ഇ, തുടങ്ങിയ വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയായിരുന്ന കെ സുന്ദരയ്ക്ക് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിനായി രണ്ടര ലക്ഷം രൂപയും മൊബൈല്‍ ഫോണും കോഴയായി നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേസ്. സുന്ദര തന്നെ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ഥിയായിരുന്ന വി.വി രമേശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നിര്‍ദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 2021 ജൂണിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിന്‍റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുകയായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *