കാസർകോട് അമ്മയ്ക്ക് ചെലവിന് പണം നല്‍കിയില്ല: പണം നൽകുന്നതുവരെ മകനെ ജയിലിലടച്ചു

Latest

കാസര്‍കോട്: അമ്മയ്ക്ക് ചെലവിന് നല്‍കാത്തതിന്റെ പേരില്‍ മകനെ ആര്‍ഡിഒ ജയിലിലടച്ചു. ആര്‍ഡിഒ കോടതി വാറണ്ട് പ്രകാരമാണ് മകനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. മടിക്കൈ മലപ്പച്ചേരി വടുതലകുഴിയിലെ പ്രതീഷിനെ (46) ആണ് നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. മകന്‍ ചെലവിന് നല്‍കുന്നില്ലെന്ന പരാതിയുമായി കാഞ്ഞിരപ്പൊയിയിലെ ഏലിയാമ്മ ജോസഫ്(68) ആണ് കാഞ്ഞങ്ങാട് ആര്‍ഡിഒ കോടതിയെ സമീപിച്ചത്.മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും നിയമപരിരക്ഷ മുന്‍നിര്‍ത്തി പ്രതിമാസം രണ്ടായിരം രൂപ ഏലിയാമ്മയ്ക്ക് നല്‍കണമെന്ന് ഒരു വര്‍ഷം മുന്‍പ് ആര്‍ഡിഒ കോടതി ഉത്തരവിട്ടിരുന്നു. ഈ തുക മകന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് അഞ്ചുമാസം മുന്‍പ് ഏലിയാമ്മ ആര്‍ഡിഒ കോടതിയിലെ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ പരാതി നല്‍കി. പത്ത് ദിവസത്തിനകം കുടിശിക ഉള്‍പ്പെടെ നല്‍കണമെന്ന് ഉത്തരവിട്ട് ട്രിബ്യൂണല്‍ മടിക്കൈ വില്ലേജ് ഓഫീസര്‍ മുഖേന നോട്ടീസുമയച്ചിരുന്നു.

 

തുടര്‍ന്ന് രണ്ടുതവണ ഹാജരായപ്പോഴും തനിക്ക് പണം നല്‍കാന്‍ സാധിക്കില്ലെന്ന് പ്രതീഷ് പറഞ്ഞു. ജൂലൈ 31-നകം ഒരു ഗഡു നല്‍കിയില്ലെങ്കില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ട്രിബ്യൂണലും അറിയിച്ചു. വിചാരണ വേളയിലും പണം നല്‍കാനാവില്ലെന്ന് പ്രതീഷ് ആവര്‍ത്തിച്ചു. ഇതോടെ ട്രിബ്യൂണല്‍ ഉത്തരവ് പ്രകാരമുളള തുക നല്‍കുന്നതുവരെ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 5(8), ബിഎന്‍എസ് 144 എന്നീ വകുപ്പുകൾ പ്രകാരം ജയിലിലടയ്ക്കാന്‍ ആര്‍ഡിഒ ബിനു ജോസഫ് ഉത്തരവിടുകയായിരുന്നു. പ്രതിയെ കാഞ്ഞങ്ങാട് ജില്ലാ ജയിലിലടച്ചു.

Leave a Reply

Your email address will not be published. Required fields are marked *