കാസർകോട്:കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി 11 മണിക്ക് ശേഷം തട്ടുകടകൾ അടച്ചിടാൻ തീരുമാനം.
കാസർകോട് സി ഐ അജിത് കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷിയോഗത്തിലാണ് തീരുമാനം കൈകൊണ്ടത്.
രാത്രി 11 മണിക്ക് ശേഷം അനാവശ്യമായി കറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വിവിധ പരിപാടികൾക്ക് പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന കൊടിതോരണങ്ങളും ബോർഡുകളും പരിപാടിക്ക് ഒരു ദിവസം മുമ്പ് മാത്രം വയ്ക്കാനും പരിപാടി കഴിഞ്ഞാൽ പിറ്റേ ദിവസം തന്നെ നീക്കാനും സർവ കക്ഷി യോഗത്തിൽ തീരുമാനമായി.
എല്ലാ രാഷ്ട്രീയ പാർടികളും വിവിധ ക്ലബ് പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു.