ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളുമെത്തി കൂട്ടിക്കൊണ്ടുപോയി

Latest കേരളം പ്രാദേശികം

കാഞ്ഞങ്ങാട് :പാലക്കാട്ട് നിന്ന് ഫേസ്ബുക്ക് കാമുകനെ തേടി കാഞ്ഞങ്ങാട്ടെത്തിയ പതിനാറുകാരിയെ മണ്ണാർക്കാട് പോലീസും ബന്ധുക്കളും കാഞ്ഞങ്ങാട്ടെത്തി കൂട്ടിക്കൊണ്ടുപോയി.

ഇന്നലെ രാവിലെ 7 മണിയോടെ കാഞ്ഞങ്ങാട് പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ പെൺകുട്ടിയെ ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ബസ് ജീവനക്കാരാണ് വിവരം പോലീസിനെ അറിയിച്ചത്. കാഞ്ഞങ്ങാടിന് കിഴക്കുള്ള കൗമാര പ്രായക്കാരനെ തേടിയെത്തിയതാണെന്ന് പെൺകുട്ടി പോലീസിനോട് പറഞ്ഞു.

പോലീസന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത കാമുകനാണെന്ന് മനസ്സിലായി. മേൽവിലാസം ചോദിച്ചറിഞ്ഞതിൽ മണ്ണാർക്കാടാണെന്ന് പറഞ്ഞു.

പോലീസ് ബന്ധപ്പെട്ടപ്പോൾ മണ്ണാർക്കാട് സ്റ്റേഷനിൽ പെൺകുട്ടിയെ കാണാതായത് സംബന്ധിച്ച് കേസുള്ളതായി മനസ്സിലായി.

മണ്ണാർക്കാട് പോലീസും ബന്ധുക്കളും വൈകീട്ട് കാഞ്ഞങ്ങാട്ടെത്തി വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.

പെൺകുട്ടിയെ തേടി യുവാവ് നേരത്തെ മണ്ണാർക്കാട്ടെത്തുകയും ഇരുവരും കണ്ടുമുട്ടുകയും ചെയ്തിരുന്നു. പ്രണയം കലശലായതോടെ പെൺകുട്ടി വീടുവിടുകയായിരുന്നു.

കാമുകനെ ഫോണിൽ വിളിച്ച് കാത്തുനിൽക്കുകയായിരുന്നു പെൺകുട്ടി. യുവാവ് ബസ് സ്റ്റാന്റിലെത്തുന്നതിന് മിനുറ്റുകൾക്ക് മുമ്പ് പെൺകുട്ടിയെ കണ്ടെത്താനായെന്ന് പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *