ദില്ലി: നരേന്ദ്ര മോദിയുടെ (Narendra Modi) 2013 ലെ റാലിക്കിടെ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് നാല് കുറ്റവാളികൾക്ക് വധശിക്ഷ (Death penalty) വിധിച്ചു.
എൻഐഎ കോടതിയാണ് (NIA Court) ശിക്ഷ വിധിച്ചത്.
മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ (Gujarat Chief Minister) പട്‌നയിൽ നടത്തിയ റാലിക്കിടെയായിരുന്നു സ്ഫോടനം നടന്നത്.
അന്ന് സ്ഫോടനത്തിലും ഭയന്നോടുന്നതിനിടെ നടന്ന തിക്കിലും തിരക്കിലും പെട്ട് ആറ് പേരാണ് മരിച്ചത്.
കേസിൽ കുറ്റവാളികളാണെന്ന സ്ഥിരീകരിച്ച മറ്റ് രണ്ട് പേർക്ക് ജീവപര്യന്തം തടവ് ശിക്ഷയും രണ്ട് പേർക്ക് പത്ത് വർഷം തടവുമാണ് ശിക്ഷ.
കേസിൽ ആകെ 10 പ്രതികളാണ് ഉണ്ടായിരുന്നത്.
ഇവരിൽ ഒൻപത് പേരെയും കോടതി ശിക്ഷിച്ചു.
ഒരാൾക്ക് ഒരു വർഷം തടവ് ശിക്ഷയാണ് ലഭിച്ചത്.
പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് സ്ഫോടന പരമ്പര നടന്നത്.
മോദിയുടെ നേതൃത്വത്തിൽ ഹങ്കർ റാലി നടക്കുന്നതിനിടെയായിരുന്നു ഇത്.
മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ശേഷം നടന്ന റാലിയിലായിരുന്നു സ്ഫോടനം നടന്നത്.
മോദി പ്രസംഗിച്ച വേദിയിൽ നിന്നും 150 മീറ്റർ ദൂരെയാണ് രണ്ട് സ്ഫോടനങ്ങൾ നടന്നത്.
എന്നാൽ ഈ സമയത്ത് മോദിയും ബിജെപി നേതാക്കളും സ്ഥലത്തുണ്ടായിരുന്നില്ല.
സ്ഫോടനത്തിന് ശേഷം സ്ഥലത്ത് നടത്തിയ തിരച്ചിലിൽ നാല് ബോംബുകൾ കൂടി കണ്ടെത്തിയിരുന്നു.