എൽ ഡി സി കന്നഡ മലയാളം (കാറ്റഗറി നമ്പർ 459/2016) ചുരുക്കപ്പട്ടികയിൽ 500 പേരെ ഉൾപെടുത്തണമെന്ന് ഒരു കൂട്ടം ഉദ്യോഗാർഥികൾ ആവശ്യപ്പെട്ടു. കഴിഞ്ഞ ലിസ്റ്റിൽ ഏതാനും പേരെ ഉൾപെടുത്തുകയും രണ്ട് വർഷം കൊണ്ട് എല്ലാവർക്കും നിയമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. സുപ്ലിമെന്ററി ലിസ്റ്റ് ഇല്ലാത്തതിനാൽ സംവരണ വിഭാഗങ്ങൾക്കായി എൻ സി എ വിജ്ഞാപനം വിളിക്കുകയും ചെയ്തു. 2013 ലാണ് അവസാനമായി ഈ തസ്തികയിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചത്. ലിസ്റ്റ് നിലവിലില്ലാത്തതിനാൽ പല വകുപ്പ് മേധാവികളും ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടില്ല. പകരം ജനറൽ എൽ ഡി സി യിൽ നിന്നും നികത്തുകയാണ് ചെയ്തത്. നിലവിൽ 150 ൽ പരം ഒഴിവുകളുണ്ടായിട്ടും 30 ൽ താഴെ ഒഴിവുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിനെതിരെ ഒരു കൂട്ടം ഉദ്യോഗാർഥികൾ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളിൽ കന്നഡ മലയാളം അറിയുന്നവരെ നിയമിക്കണമെന്ന് ഉത്തരവ് നിലനിൽക്കുന്നുണ്ടെങ്കിലും ഇതുവരെയും പാലിക്കപ്പെടുന്നില്ല. അതിർത്തി പ്രദേശമായ കാസറഗോഡ് മഞ്ചേശ്വരം താലൂക്കുകളിലെ പഞ്ചായത്ത് വില്ലജ് തുടങ്ങിയ ഓഫീസുകളിൽ കന്നഡ മലയാളം അറിയാവുന്ന ജീവനക്കാർ ഇല്ലാത്തതിനാൽ പൊതു ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. കാസറഗോഡ് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടി കന്നഡ മലയാളം അറിയാവുന്ന എൽ ഡി ക്ലാർക്ക് മാരെ നിയമിക്കണമെന്ന് പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ട് സൂചിപ്പിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പാലിക്കപ്പെടുന്നില്ല. ഇതിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് ഒരു കൂട്ടം ഉദ്യോഗാർഥികൾ.