രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം; എഫ്.എം.എസ്.സി.ഐ യുടെ നോമിനേഷൻ ലിസ്റ്റിൽ മൂസാഷരീഫും.

Latest ഇന്ത്യ പ്രാദേശികം

ഭാരത സർക്കാർ രാജ്യത്തെ മികച്ച കായിക പ്രതിഭകൾക്ക് പ്രതിവർഷം നൽകുന്ന പരമോന്നത ബഹുമതിയായ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരത്തിന് പരിഗണിക്കാനുള്ള നോമിനേഷൻ ലിസ്റ്റിൽ മലയാളിയും ഇന്ത്യൻ കാർ റാലി സർക്യൂട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററുമായ മൂസാ ഷരീഫ് ഇടം പിടിച്ചു.
ഫെഡറഷൻ ഓഫ് മോട്ടോർ സ്പോർട്സ് ക്ലബ് ഓഫ് ഇന്ത്യ ( എഫ്.എം.എസ്.സി.ഐ) യാണ് 2017 മുതലുള്ള നേട്ടങ്ങൾ മാത്രം മുൻനിർത്തി മൂസാ ഷരീഫിന്റെ പേര് നാമനിർദ്ദേശം ചെയ്തിട്ടുള്ളത്.

ഏഴ് തവണ ദേശീയ കാർ റാലി ചാമ്പ്യൻ പട്ടം നേടുക എന്ന ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നേട്ടത്തിനുടമയായ ഷരീഫ് ഇതിന് പുറമെ മലേഷ്യ,ഖത്തർ, യു.എ.ഇ തുടങ്ങിയ അന്താരാഷ്ട്ര കാർ റാലികളിൽ നിരവധി തവണ വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മൂസാ ഷരീഫ് ഇതിനകം 10 വ്യത്യസ്ത രാജ്യങ്ങളിലായി 67 അന്താരാഷ്ട്ര റാലികളിലടക്കം 296 കാർ റാലികളിൽ പങ്കെടുത്തിട്ടുണ്ട്. 35 ദേശീയ കാർ റാലി റൗണ്ടുകളിൽ വിജയിച്ച താരമെന്ന റെക്കോർഡും ഇന്ന് മൂസാ ഷരീഫിന് സ്വന്തമാണ്. 2018 ൽ മലേഷ്യയിൽ വെച്ച് നടന്ന ഏഷ്യൻ പസഫിക് റാലി ചാമ്പ്യൻഷിപ്പിലും ഷരീഫ് മുത്തമിട്ടിരുന്നു.സാഹസികതയുടെ തോഴനായ ഷരീഫ് ലിംക ബുക്സ് ഓഫ് റെക്കോർഡ്സിലും ഇടം നേടിയ കായിക പ്രതിഭയാണ്.

കാസറഗോഡ് ജില്ലയിലെ മൊഗ്രാൽ സ്വദേശിയായ മൂസാ ഷരീഫിലൂടെ രാജീവ്ഗാന്ധി ഖേൽരത്ന പുരസ്‌കാരം ഇശൽ ഗ്രാമത്തിലെത്തുമെന്ന പ്രതീക്ഷയിലും പ്രാർത്ഥനയിലുമാണ് മൊഗ്രാലുകാർ.

Leave a Reply

Your email address will not be published. Required fields are marked *