കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ആഴ്ചകളായി നിലനിന്നിരുന്ന വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിച്ചു.ഒപ്പം കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നേരിയ ഇളവും അനുവദിച്ചു.
ഒക്ടോബര്‍ 21 വരെ കേരളത്തിലേക്ക് പ്രവേശിക്കുന്നതിന് കര്‍ണാടക പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും കേരളത്തില്‍നിന്ന് വ്യാപാര, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കര്‍ണാടകയിലേക്ക് അത്യാവശ്യക്കാര്‍ മാത്രമേ പ്രവേശിക്കാവൂവെന്നും കുടക് ഡെപ്യൂട്ടി കമീഷണര്‍ ചാരുലത സോമല്‍ കഴിഞ്ഞ ദിവസം ഇറക്കിയ ഉത്തരവില്‍ പറയുന്നു. കുടകില്‍ ജോലിക്ക് എത്തുന്നവരും നിയന്ത്രണം പാലിക്കണം.
മാക്കൂട്ടം -ചുരം പാത വഴി കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിന് വ്യക്തികള്‍ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്. ചരക്ക് വാഹനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏഴ് ദിവസത്തിനുള്ളിലെടുത്ത ആര്‍.ടി.പി.സി.ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. രാത്രികാല കര്‍ഫ്യൂ അതേപടി നിലനില്‍ക്കും.
അത്യാഹിതം സംഭവിച്ച് അതിര്‍ത്തി കടന്ന് ആശുപത്രികളില്‍ എത്തേണ്ടവര്‍ക്കും മാരക രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്കും നിയന്ത്രണങ്ങളില്‍ അനുവദിച്ച ഇളവ് തുടരും.വിദ്യാര്‍ഥികളില്‍ പരീക്ഷക്ക് പോകേണ്ടവര്‍ക്കും വിമാന യാത്രക്കാര്‍ക്കും അനുവദിച്ച ഇളവും നിലനില്‍ക്കും. കുടകില്‍ ഒരു ദിവസത്തെ യാത്രക്ക് എത്തുന്നവര്‍ക്ക് ക്വാറന്‍റീന്‍ ആവശ്യമില്ല.അവിടെ തങ്ങുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. കേരളത്തില്‍ നിപ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതിര്‍ത്തി ചെക്പോസ്റ്റില്‍ പ്രത്യേക പരിശോധനയും ഏര്‍പ്പെടുത്തി.