ഇന്തൊനീഷ്യയിൽ ദക്ഷിണ സുലവേസിയിലെ മലയോര പ്രദേശങ്ങളില്‍ വസിക്കുന്ന ഒരു ആദിമ ഗോത്രവർഗമാണ് ടൊറാജ.
പുരാതനകാലത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അതേപടി പിന്തുടരുന്നവരാണ് ഇക്കൂട്ടര്‍. പ്രത്യേകതരം ജീവിതരീതിയും വേഷവിധാനങ്ങളും പ്രത്യേക വാസ്തുവിദ്യാരീതിയും വർണ്ണാഭമായ മരംകൊത്തുപണികളുമെല്ലാം ഇവരുടെ സവിശേഷതകളില്‍പ്പെടുന്നു.
എന്നാല്‍ ഇവരുടെ ഏറ്റവും വലിയ പ്രത്യേകത ഇവയൊന്നുമല്ല, ഇവിടെ മരിച്ചവര്‍ക്ക് മരണമില്ല, പിന്നെയും വര്‍ഷങ്ങളോളം അവര്‍ ‘എഴുന്നേറ്റു നടക്കും’!പ്രിയപ്പെട്ടവര്‍ മരിച്ചുപോയാല്‍ അവരെ അത്ര വേഗമൊന്നും പറഞ്ഞയയ്ക്കാന്‍ ഇക്കൂട്ടര്‍ തയാറല്ല. അവരെ സംബന്ധിച്ചിടത്തോളം മരണം ഒരു ആത്മീയ യാത്രയുടെ ഭാഗമാണ്.
ശവസംസ്കാരം അവർക്കിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്. നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന ശവസംസ്കാരച്ചടങ്ങുകൾ ദിവസങ്ങളോളം നീണ്ടു നിൽക്കും.
ഈ ചടങ്ങില്‍ എരുമകളുടെയും പന്നികളുടെയും ബലിയും ഉൾപ്പെടുന്നു.ഏറെ ചിലവേറിയതാണ് സംസ്കാരം എന്നതിനാല്‍ ബന്ധുക്കള്‍ക്ക്, മരണം നടന്നയുടനെ തന്നെ ചടങ്ങുകള്‍ നടത്താന്‍ കഴിയണമെന്നില്ല.
ആചാരപ്രകാരമുള്ള ശവസംസ്കാരം നടത്താനുള്ള പണം സ്വരൂപിക്കാന്‍ കഴിയുന്നതുവരെ ഈ മൃതദേഹങ്ങൾ വീട്ടിലെ ഒരു പ്രത്യേക മുറിയിൽ സൂക്ഷിക്കുന്നു.
സംസ്കാര ചടങ്ങ് നടക്കുന്നതു വരെ, മരിച്ചവരുടെ ആത്മാവ് ലോകത്ത് നിലനിൽക്കുന്നതായി അവര്‍ വിശ്വസിക്കുന്നു. അതിനുശേഷം, ആത്മാക്കളുടെ നാടായ പൂയയിലേക്കുള്ള യാത്ര ആരംഭിക്കും.
അതുകൊണ്ടുതന്നെ വീടിനുള്ളില്‍ സൂക്ഷിക്കുന്നിടത്തോളം, മരിച്ചയാൾക്ക് എല്ലാ ദിവസവും ഭക്ഷണം നൽകുക എന്നതും ഒരു ചടങ്ങാണ്!ടൊറാജക്കാരുടെ ‘റാംബു സോളോ’ എന്ന പേരില്‍ അറിയപ്പെടുന്ന ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം, ഈ മൃതദേഹങ്ങള്‍ ഒടുവിൽ ശവകുടീരങ്ങളിൽ അടക്കം ചെയ്യുന്നു. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവര്‍ മമ്മിയാക്കി സൂക്ഷിക്കുന്നു.
എന്നാല്‍, അതുകൊണ്ടൊന്നും തീര്‍ന്നില്ല, വർഷം തോറും ഇവിടെയുള്ളവര്‍ തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ പുറത്തെടുക്കും.
അവയിലെ പ്രാണികളെയും പൊടിപടലങ്ങളുമെല്ലാം വൃത്തിയാക്കി, പുതിയ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം അണിയിച്ച് തെരുവുകളിലൂടെ ആഘോഷമായി എഴുന്നള്ളിക്കുന്നു.
‘മനൈൻ’ എന്നാണ് ഈ ആചാരം അറിയപ്പെടുന്നത്. നൂറിലധികം വർഷം പഴക്കമുള്ള മൃതദേഹങ്ങൾ പോലും ഇങ്ങനെ പുറത്തെടുക്കാറുണ്ട്.