തിരുവനന്തപുരം ▪️കേരളത്തിലും കര്‍ണ്ണാടകത്തിലും കൊവിഡ് നിയന്ത്രങ്ങളില്‍ ഇളവ് നല്കിയ സാഹചര്യത്തില്‍ കേരള – കര്‍ണ്ണാടക അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ ജൂലൈ 12 (തിങ്കള്‍) മുതല്‍ ആരംഭിക്കാന്‍ കെ.എസ്.ആര്.ടി.സി തയ്യാറാണെന്ന് കര്‍ണ്ണാടക സര്‍ക്കാരിനെ അറിയിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കര്‍ണ്ണാടക സര്‍ക്കാരിന്റെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയാണ്. കര്‍ണ്ണാടകത്തില്‍ നിന്നുള്ള മറുപടി കൂടി ലഭിച്ച ശേഷം മാത്രമേ ഈ സര്‍വ്വീസുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് നടത്താനാകുകയുള്ളൂ. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് പരിമിതമായ സര്‍വ്വീസുകളാണ് കോഴിക്കോട് – കാസര്‍കോട് വഴി കെഎസ്ആര്‍ടിസി നടത്തുക. ഇതേ റൂട്ട് വഴിയുള്ള സര്‍വ്വീസുകളായിരിക്കും കര്‍ണ്ണാടക റോഡ് കോര്‍പ്പറേഷനും നടത്തുക. തമിഴ്നാട് സര്‍ക്കാരിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പാലക്കാട് – സേലം വഴിയുള്ള സര്‍വ്വീസുകള്‍ ഇപ്പോള്‍ ആരംഭിക്കുന്നില്ലെന്നും, കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് കൊണ്ടാകും സര്‍വ്വീസ് നടത്തുകയെന്നും മന്ത്രി അറിയിച്ചു.
