കാഞ്ഞങ്ങാട്ടെ പെട്ടിക്കടകളിലും മറ്റ് വഴിയോരക്കച്ചവട കേന്ദ്രത്തിലും ഇനി പണമിടപാട് ഓണ്‍ലൈനായി നടത്താം

Latest ഇന്ത്യ കേരളം പ്രാദേശികം

പത്തുരൂപയുടെ ചായ കുടിച്ചാലോ അഞ്ചുരൂപയുടെ മിഠായി വാങ്ങിയാലോ പണം കൈയില്‍ കൊടുക്കേണ്ട. ഇവിടെയുള്ള ക്യൂ ആര്‍ കോഡ് സ്‌കാന്‍ചെയ്ത് യു.പി.ഐ. അക്കൗണ്ട് വഴി പണം അടക്കാം. കാഞ്ഞങ്ങാട്ടെ 91 വഴിയോര കച്ചവടകേന്ദ്രങ്ങളിലും കുടുംബശ്രീമിഷനുമായി ചേര്‍ന്ന് നഗരസഭ ക്യൂ ആര്‍ കോഡ് വെച്ചു.

വഴിയോരക്കച്ചവടക്കാര്‍ക്കുള്ള ബോധവത്കരണവും നല്‍കി. കോവിഡ് കാലമായതിനാല്‍ പണം കൈമാറുന്നതിലെ സുരക്ഷിതത്വത്തെ ഓര്‍മിപ്പിക്കുന്നതുകൂടിയായി ബോധവത്കരണ ക്ലാസ്. ക്യൂ ആര്‍ കോഡ് വഴി പണം നല്‍കുമ്പോള്‍, മൊബൈല്‍ ഫോണില്‍ സന്ദേശമെത്തുന്ന തടക്കമുള്ള കാര്യങ്ങള്‍ കുടുംബശ്രീ മിഷന്‍ ദേശീയ ഉപജീവന ദൗത്യം കോ ഓര്‍ഡിനേറ്റര്‍ സി.എം.ബൈജു ക്ലാസില്‍ വിശദീകരിച്ചു.

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ 50 നഗരസഭകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയില്‍ കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് തുടങ്ങി ക്യൂ ആര്‍ കോഡ് സംവിധാനത്തിലൂടെ പണം കൈമാറ്റംചെയ്യണമെന്ന് നേരത്തെ വഴിയോരക്കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അത് വിജയത്തിലെത്തിയിരുന്നില്ല. ഇതേത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീമിഷന്‍ വഴി പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചത്. പ്രതിമാസം 200 ഇടപാട് നടത്തുന്ന കച്ചവടക്കാരന് വര്‍ഷത്തില്‍ 1200 രൂപ ബോണസായി നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ക്യു ആര്‍ കോഡ് വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ കെ.വി.സുജാത നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാന്‍ പി.അഹമ്മദലി അധ്യക്ഷനായി. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷന്‍ കെ.വി.മായാകുമാരി, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ കെ.സുജിനി, നഗരസഭാ സെക്രട്ടറി റോയ് മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *