രാജപുരം: കാഞ്ഞങ്ങാട്ടെ സ്കൂൾ ടീച്ചർ ഓൺലൈൻ ക്ലാസിൽ കുട്ടികളോട് സംസാരിച്ചതിന് തൊട്ടു പിന്നാലെ കുഴഞ്ഞു വീണ് മരിച്ചത്.
വിദ്യാർത്ഥികൾക്കുൾപ്പടെ ഇനിയും വിശ്വസിക്കാനായിട്ടില്ല.
ക്ലാസെടുക്കുന്നതിനിടെ ‘ചുമയുണ്ട് കുട്ടികളേ, ശ്വാസംമുട്ടുന്നുമുണ്ട്. ബാക്കി അടുത്ത ക്ലാസിലെടുക്കാം…’ ഇത്രയും പറഞ്ഞാണ് ടീച്ചർ ഓൺലൈൻ ക്ലാസ് അവസാനപ്പിച്ചതെന്ന് വിദ്യാർത്ഥികൾ ഓർക്കുന്നു.
പിന്നെ ഇവർ അറിയുന്നത് ക്ലാസിന് പിന്നാലെ അധ്യാപിക അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചെന്നാണ്.
കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽപി സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി മാധവി (47) ആണ് മരിച്ചത്. ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല.
സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു.
ഇദ്ദേഹം എത്തിയപ്പോൾ കണ്ടത് മാധവി വീണുകിടക്കുന്നതാണ്.
ഉടൻ പൂടങ്കല്ലിലെ താലൂക്ക് ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു
ഇതിനിടെ, ക്ലാസ് തുടങ്ങി ഏതാനും മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ടീച്ചർക്ക് ചുമ അനുഭവപ്പെട്ടു. എന്തുപറ്റിയെന്ന് ചോദിച്ച കുട്ടികളോട്, ‘ഓ! അതൊന്നും സാരമില്ല. തണുപ്പടിച്ചതാ’ എന്നായിരുന്നു മാധവി ടീച്ചറുടെ മറുപടി. ക്ലാസ് നിർത്തി ഹോംവർക്കും നൽകിയ ശേഷമാണ് ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.
ഭർത്താവ്: പരേതനായ ടി ബാബു. പരേതരായ അടുക്കന്റെയും മുണ്ടുവിന്റെയും മകളാണ്. സഹോദരങ്ങൾ: രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ.