രാജപുരം: 12 കാരിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചെന്ന കേസിൽ പിതാവ് അറസ്റ്റിൽ. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ പിതാവിനെ വ്യാഴാഴ്ച ഉച്ചയോടെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബുധനാഴ്ച രാത്രിയാണ് പെൺകുട്ടിയെ പിതാവ് നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി.
പെൺകുട്ടി ബോധം കേട്ടതോടെ സംഭവം ശ്രദ്ധയിൽ പെട്ട മാതാവ് ബഹളം വെക്കുകയും നാട്ടുകാർ ഓടിക്കൂടുകയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ആയിരുന്നു. ഇതിനിടയിൽ നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസും നാട്ടുകാരും ചേർന്നാണ് പെൺകുട്ടിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിന് പിന്നാലെയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് 75, 77 പ്രകാരമാണ് കേസെടുത്തതെന്ന് രാജപുരം സിഐ വി ഉണ്ണികൃഷ്ണൻ പറഞ്ഞു.