ഷിറിയ അണക്കെട്ട് നവീകരിക്കാൻ കാസർകോട് വികസന പാക്കേജിൽ 2.35 കോടി രൂപയുടെ ഭരണാനുമതി. അണകെട്ടും കനാലും നവീകരിക്കാനാണ് തുക ചെലവഴിക്കുക.
പ്രകൃതി സൗന്ദര്യം കാണാനും കനാലിൽ കുളിക്കാനും നൂറുകണക്കിനാളുകൾ എത്തുന്നതിനാൽ ഇവർക്കുള്ള പ്രഥമിക സൗകര്യങ്ങളും ഒരുക്കും. ചെറുകിട ജലസേചന വകുപ്പിന്റെ കീഴിലുള്ള പദ്ധതി പരിപാലിക്കാനായി ഓഫീസ് തുറന്ന് ജീവനക്കാരെ നിയോഗിക്കും. 14 കിലോ മീറ്റർ കനാൽ നവീകരിച്ച് ഷിറിയ പുഴയുമായി അംഗടിമുഗർ പുഴയെ ബന്ധിപ്പിക്കും. നേരത്തെ വറ്റുന്ന അംഗടിമുഗർ പുഴയിൽ ജലസമൃധിയുണ്ടാകുന്നതോടെ പ്രദേശത്തെ നൂറു കണക്കിന് കർഷകർക്ക് വലിയ നീരുറവയാകും. വേനൽ കാലത്ത് വറ്റുന്ന ജലസ്രോതസുകൾ നിറയും.
പുത്തിഗെ പഞ്ചയത്ത് പ്രസിഡന്റ് ഡി സുബ്ബണ്ണ ആൽവയുടെ നേതൃത്വത്തിൽ ഭരണസമിതി നടത്തിയ നിരന്തര ഇടപെടലിലാണ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് സംരക്ഷിക്കുന്നത്. അണക്കെട്ടിലേക്കുള്ള റോഡ് നിർമാണം അതിർത്തി നിർണയം പുർത്തിയാക്കിയ ശേഷം പരിഗണിക്കും.
മഴക്കാലത്ത് കർണാടക അതിർത്തിയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം സംഭരിച്ച് പുത്തിഗെ പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും കൃഷിക്കും കുടിവെള്ളത്തിനും ഉപയോഗിക്കാനാണ് ഷേണി നോണങ്കലിൽ അണക്കെട്ടും കനാലും നിർമിച്ചത്.
പൊസടിഗുംപെ ഇടനാഴി
അണക്കെട്ടിൽ വളരെയധികം വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. മനോഹരമാണ് ഇവിടത്തെ പ്രകൃതി ദൃശ്യം. വേനലിൽ വെള്ളമൊഴുക്ക് നിലച്ചാൽ പാറക്കല്ലുകളും ആകർഷകം. അക്കരയിൽ അഞ്ച് കിലോമീറ്റർ അകലെയാണ് പൊസടിഗുംപെ ടൂറിസം കേന്ദ്രം. സാഹസിക യാത്രയ്‌ക്ക് പ്രസിദ്ധമായ ഇവിടെ നിന്ന് ഷിറിയ അണക്കെട്ടുമായി ബന്ധിപ്പിച്ച് ടൂറിസം ഇടനാഴിക്കുള്ള പദ്ധതി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കുന്നുണ്ട്. പുഴയിലൂടെ തൂക്കുപാലം സ്ഥാപിച്ച് സഞ്ചാരികളെ ആകർഷിക്കാനാണ് പദ്ധതി