5 വയസ്സുകാരിയെ പീഡിപ്പിച്ചെന്നുകാട്ടി ചിത്രം പ്രചരിപ്പിച്ചു; വായ്പാ ആപ്പുകാരുടെ പുതുതന്ത്രം

Latest കേരളം

ആലപ്പുഴ • വായ്പാ കുടിശിക വരുത്തുന്നവരെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ അപമാനിച്ചും ഭീഷണിപ്പെടുത്തിയും വായ്പാ ആപ് സംഘങ്ങള്‍.

കുടിശിക വരുത്തിയ സ്ത്രീകളുടെ ഉള്‍പ്പെടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന ഇവര്‍ ആധാര്‍, പാന്‍ രേഖകള്‍ ഉപയോഗിച്ചും പലതരത്തില്‍ ഭീഷണി മുഴക്കുന്നുണ്ട്. അ‍ഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചവനെന്ന് കാണിച്ച് ആലപ്പുഴ സ്വദേശിയുടെ ചിത്രമാണ് പ്രചരിപ്പിച്ചത്.

വായ്പാ ആപ് കെണിയില്‍ കുടുങ്ങിയ ആയിരങ്ങളില്‍ ഒരാള്‍ മാത്രമാണിത്. കോവിഡ് കാലത്ത് സാമ്പത്തികത്തകര്‍ച്ച നേരിട്ടവരുടെ ഗതികേടിനെയാണ് ഓണ്‍ലൈന്‍വായ്പാ ആപ്പുകള്‍ ചൂഷണം ചെയ്യുന്നത്.

പഴ്സനല്‍ ലോണ്‍ വേഗത്തില്‍ ലഭിക്കും എന്ന വാഗ്ദാനത്തിലാണ് പലരും പെട്ടുപോകുന്നത്. വായ്പ കിട്ടുമെന്ന് കരുതി ആധാറും പാന്‍നമ്പറുമെല്ലാം ഓണ്‍ലൈനില്‍ നല്‍കും. ഒരുലക്ഷം രൂപ ചോദിക്കുന്നവര്‍ക്ക് ആദ്യം ഒരാഴ്ച കാലയളവില്‍ 5000 രൂപ നല്‍കും.

പലിശകഴിഞ്ഞ് 3500 രൂപമാത്രം അക്കൗണ്ടില്‍വരും.തിരിച്ചടവ് വൈകുമ്പോഴാണ് ഈ തട്ടിപ്പ് കമ്പനികള്‍ ഭീഷണികൾ ആരംഭിക്കുന്നത്. വായ്പയ്ക്കായി നല്‍കിയ ഫോട്ടോ, പാന്‍, ആധാര്‍കാര്‍ഡ് എന്നിവ ദുരുപയോഗിക്കുകയാണ് ആദ്യം ചെയ്യുന്നത്.

ലോണ്‍ എടുത്തവരുടെ മുഴുവന്‍ ഫോണ്‍ കോൺടാക്ട്സിലേക്കും മോശം സന്ദേശങ്ങള്‍ അയയ്ക്കും. ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുക്കും.

കേരളത്തില്‍ മാത്രം ആയിരങ്ങള്‍ ഈ കെണിയില്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും പുറത്തുപറയാന്‍ മടിക്കുന്നതും പരാതി നല്‍കാത്തതും തട്ടിപ്പുകാര്‍ക്ക് സൗകര്യമാകുന്നു. പലരും നാണക്കേടൊഴിവാക്കാന്‍ അഞ്ചും പത്തും ഇരട്ടിത്തുക അടച്ചുതീര്‍ക്കുന്നുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *