ജയ്പൂർ: മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി 500, 2000 രൂപ നോട്ടുകളിൽ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വെക്കണമെന്ന് രാജസ്ഥാൻ കോൺഗ്രസ് എം.എൽ.എ.
ഈ നോട്ടുകൾ അഴിമതിക്കും ബാറുകളിലും മാത്രമാണ് ഉപയോഗിക്കുന്നതെന്നാണ് എം.എൽ.എ ഭരത് സിങ് കുന്ദൻപൂറിന്‍റെ ആരോപണം.
ഇക്കാര്യം ആവശ്യപ്പെട്ട് ഒക്ടോബർ രണ്ട് ഗാന്ധി ജയന്തി ദിനത്തിൽ പ്രധാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
അഞ്ച്, 10, 50, 100, 200 രൂപ േനാട്ടുകളിൽ മഹാത്മാഗാന്ധിയുടെ ചിത്രം ഉപയോഗിക്കാം.
അവ രാജ്യത്തെ പാവപ്പെട്ടവരാണ് ഉപയോഗിക്കുന്നത്. ഗാന്ധി അദ്ദേഹത്തിന്റെ ജീവിതം തന്നെ പാവങ്ങൾക്കായി മാറ്റി വെച്ചിരുന്നു.
എന്നാൽ ഉയർന്ന മൂല്യമുള്ള നോട്ടുകളിൽ നിന്ന് മഹാത്മാഗാന്ധിയുടെ ചിത്രം ഒഴിവാക്കി മോദിയുടെ ചിത്രം ഉപയോഗിക്കണം -എം.എൽ.എ പറഞ്ഞു.