തിരുവനന്തപുരം∙ കടയിലും മറ്റു സ്ഥാപനങ്ങളിലും പോകാൻ കോവിഡ് വാക്സീന്റെ ആദ്യ ഡോസ് എടുത്തിരിക്കണമെന്ന് സർക്കാർ ഉത്തരവിൽ നിർദേശിച്ചിരിക്കേ, സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ സ്വീകരിച്ചത് 43% പേർ മാത്രം. എറണാകുളം, പത്തനംതിട്ട, വയനാട് ജില്ലകളിലാണ് 50 ശതമാനത്തിനു മുകളിൽപേർ ആദ്യ ഡോസ് സ്വീകരിച്ചത്. ഡേറ്റാ വിശകലന വിദഗ്ധൻ ജെയിംസ് വിൽസനാണ് സംസ്ഥാന സർക്കാരിന്റെ വാക്സീൻ കണക്കുകളും നാഷനൽ പോപ്പുലേഷൻ കമ്മിഷന്റെ ഈ വർഷത്തെ റിപ്പോർട്ടിലെ ജില്ലാതല ജനസംഖ്യയും (പ്രൊജക്ഷൻ) അടിസ്ഥാനമാക്കി കണക്കുകൾ തയാറാക്കിയത്. 18 ശതമാനത്തിനു മാത്രമാണ് രണ്ട് ഡോസ് വാക്സീനും ലഭിച്ചത്.
ആദ്യഡോസ് വാക്സിനേഷൻ എടുത്തവരിൽ പിന്നിൽ നിൽക്കുന്നത് മലപ്പുറം ജില്ലയാണ്. 12,07,901 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. ജനസംഖ്യാടിസ്ഥാനത്തിൽ 28%. പാലക്കാട് ആദ്യ ഡോസ് ലഭിച്ചത് 36% പേർക്ക്. ആലപ്പുഴയിൽ 38%. കൂടുതൽ പേർക്ക് ആദ്യഡോസ് ലഭിച്ചത് പത്തനംതിട്ടയിലും വയനാട്ടിലുമാണ്–62%.
രണ്ടാം ഡോസ് വാക്സീനും കുറച്ച് ആളുകൾക്കു ലഭിച്ചത് മലപ്പുറത്താണ് –12%. കൂടുതൽ പത്തനംതിട്ടയിൽ 29%. സംസ്ഥാനത്ത് ഇതുവരെ 1,47,90,596 പേര്‍ക്ക് ഒന്നാം ഡോസും 62,01,105 പേര്‍ക്ക് രണ്ടാം ഡോസും നല്‍കിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്. ദേശീയതലത്തിൽ ഏറ്റവും കുറച്ചുപേർക്കു ആദ്യ ഡോസ് ലഭിച്ച സംസ്ഥാനം ഉത്തർ പ്രദേശാണ്-19.06%. സിക്കിമാണ് മുന്നിൽ– 73.10%. രാജ്യത്ത് 38,11,26,275 പേര്‍ക്കാണ് ആദ്യ ഡോസ് ലഭിച്ചത്. ജനസംഖ്യയുടെ 28%. അസം, ബിഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ദേശീയ ശരാശരിക്കും താഴെയാണ് ആദ്യ ഡോസ് സ്വീകരിച്ചവർ.
രണ്ടാഴ്ച മുൻപ് ആദ്യ ഡോസ് വാക്സീൻ എടുത്തവർക്കും 72 മണിക്കൂറിനകം ആർടിപിസിആർ ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആയവർക്കും ഒരു മാസം മുൻപ് കോവിഡ് പോസിറ്റീവായി രോഗമുക്തി നേടിയവർക്കുമാണ് കടകളിലും മറ്റു സ്ഥലങ്ങളും പോകാനുള്ള അനുമതി സംസ്ഥാനം നൽകിയിരിക്കുന്നത്. ഇവയിലൊന്ന് ഉണ്ടായിരിക്കുന്നത് അഭികാമ്യമാണെന്നാണ് ആരോഗ്യമന്ത്രി വീണാ ജോർജ് നിയമസഭയിൽ പറഞ്ഞതെങ്കിലും ചീഫ് സെക്രട്ടറിയുടെ ഉത്തരവിറങ്ങിയപ്പോൾ കർശന നിബന്ധനയായി മാറി.