കാര്‍ഗില്‍ വിജയദിനം; ഐതിഹാസിക വിജയത്തിന് 22 വയസ്

Latest ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ന് കാര്‍ഗില്‍ വിജയ് ദിവസ്. കാര്‍ഗിലിലെ ഉയരമേറിയ കുന്നുകളില്‍ ഒളിച്ചിരുന്ന നുഴഞ്ഞു കയറ്റക്കാരെ ഇന്ത്യന്‍ സൈനികര്‍ ധീരമായി നേരിട്ട് തറപറ്റിച്ചതിന്റെ ഓര്‍മദിനമാണ് ഇന്ന്.

1999 മേയ് എട്ടു മുതല്‍ ജൂലൈ 26 വരെയായിരുന്നു കാര്‍ഗില്‍ യുദ്ധം. കാര്‍ഗിലിന്റെ മണ്ണിലേക്ക് ചതിപ്രയോഗത്തിലൂടെയായിരുന്നു പാകിസ്ഥാന്റെ കടന്നുകയറ്റം. തുടക്കത്തില്‍ ഇന്ത്യന്‍ ഭാഗത്ത് കൂടുതല്‍ ജവാന്മാര്‍ക്കു ജീവന്‍ നഷ്ടമായി.

നാടോടികളായ ഇടയന്മാരുടെ സംഘമാണ് ഇന്ത്യക്കാരല്ലാത്തവര്‍ കാര്‍ഗില്‍ പര്‍വത മേഖലയിലുണ്ടെന്ന വിവരം കൈമാറിയത്. ഇടയന്മാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍കാരുടെ ഒളിസങ്കേതവും തിരിച്ചറിഞ്ഞ് ‘ഓപറേഷന്‍ വിജയ്’ തുടങ്ങാനും ഇന്ത്യന്‍ സൈന്യത്തിന് കഴിഞ്ഞു.
ആകാശത്തുനിന്ന് വ്യോമസേനയുടെ മിഗ്, മിറാഷ് വിമാനങ്ങളും, താഴ്വാരത്ത് നിന്ന് കരസേനയുടെ ബൊഫോഴ്സ് തോക്കുകളും പാക് നുഴഞ്ഞുകയറ്റുകാര്‍ക്ക് നേരെ നിരന്തരം തീ തുപ്പി. ഇന്ത്യന്‍ സൈന്യത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള കരുത്തില്ലെന്ന് ബോധ്യപ്പെട്ട പാക് ചതിയന്‍പട പരാജയം സമ്മതിച്ചു. തോലോലിങ്, ഹംപ് പോയിന്റ്, ടൈഗര്‍ഹില്‍. തന്ത്രപ്രധാന കുന്നുകളിലെല്ലാം ഇന്ത്യന്‍ പാതക വീണ്ടും ഉയര്‍ന്നു പാറി.

യുദ്ധത്തില്‍ വിജയം ഇന്ത്യയ്‌ക്കൊപ്പമാണെങ്കിലും കനത്ത നഷ്ടം നേരിട്ടു. ധീരന്മാരായ 527 പോരാളികളെയാണു നമ്മുടെ രാജ്യത്തിനു നഷ്ടമായത്. പാക്ക് ഭാഗത്ത് ഏകദേശം നാനൂറിലധികം പേര്‍ കൊല്ലപ്പെട്ടു.

കാര്‍ഗില്‍ യുദ്ധത്തിന്റെ സ്മരണ ഉണര്‍ത്താനാണ് ആ യുദ്ധത്തില്‍ വീരമൃത്യുവരിച്ച സൈനികരുടെ ഓര്‍മയ്ക്കായാണ് ജൂലായ് 26 കാര്‍ഗില്‍ വിജയദിവസമായി ആചരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *