റിയാദ്: വാക്സിനേഷൻ സർട്ടിഫിക്കറ്റ് പലതവണ അപ്‌ലോഡ് ചെയ്യാൻ ശ്രമം നടത്തി ഒടുവിൽ ബ്ലോക്ക് ആയവർക്ക് പരിഹാര മാർഗ്ഗം കണ്ടെത്തിയ വാർത്ത പരന്നതോടെ ആളുകൾ കൂട്ടമായി എത്തിയതിനെ തുടർന്ന് റിയാദിൽ അപ്ഡേറ്റ് നിർത്തി വെച്ചു. ബ്ലോക്ക് ആയതിനെ തുടർന്ന് ഒന്നും ചെയ്യാൻ കഴിയാത്തവർക്ക് ആരോഗ്യ മന്ത്രാലയത്തിന്റെ റിയാദിലെ ഓഫീസിൽ നേരിട്ട് പോയാൽ തവക്കൽനയിൽ അപ്ഡേറ്റ് ആകുന്നതായി അനുഭവസ്ഥർ വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്ത് വന്നതോടെ വൈകുന്നേരത്തോടെ എത്തിയ ആളുകൾക്ക് ഇവിടെ നിന്ന് മടങ്ങി പോകേണ്ടി വന്നു.
പിന്നീട് എത്തിയവരെ ഓഫീസിലേക്ക് കടത്തി വിടാൻ പോലും അധികൃതർ തയ്യാറായില്ല. ഇവിടെ നിന്നുള്ള അപ്ഡേറ്റ് നിർത്തിവെച്ചെന്നും ആരോഗ്യ മന്ത്രാലയ കസ്റ്റമർ കെയറിലേക്ക് വിളിക്കുകയോ മെയിൽ അയക്കുകയോ ചെയ്യുകയാണ് വേണ്ടാതെന്നുമാണ് പിന്നീട് എത്തിയവരോട് അറിയിച്ചത്. വരും ദിവസങ്ങളിൽ ഇവിടെ ഈ സൗകര്യം വീണ്ടും ലഭ്യമാകുമോ എന്ന് വ്യക്തമല്ല. ഏതായാലും ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസ വാർത്തയായിരുന്നു ഈ സൗകര്യം. പക്ഷെ, ഇത് നിർത്തിവെച്ചതോടെ ഇനി എന്ത് എന്ന ചോദ്യം വീണ്ടും ഉയർന്നിരിക്കുകയാണ്