തിരുവനന്തപുരം: ബാങ്കില്‍ ക്യൂ നിന്ന ആളെക്കൊണ്ട് പെറ്റിയടിപ്പിച്ച പൊലീസ് നടപടിയെ ചോദ്യം ചെയ്ത ഗൗരിനന്ദയാണ് സോഷ്യല്‍ മീഡിയയിലെ താരം.ഗൗരി പൊലീസിനോട് സംസാരിക്കുന്ന വീഡിയോ വൈറലായതുമുതല്‍ പൊലീസ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തതില്‍ ഉള്‍പ്പടെ ഗൗരിനന്ദയ്ക്ക് കട്ടസപ്പോര്‍ട്ടാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലഭിച്ചത്.ഇപ്പോഴിത അഭിപ്രായ പ്രകടനം മാത്രമല്ല നല്ല വൃത്തിയായി തനിക്ക് പഠിക്കാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ മിടുക്കി. ഇന്ന് പ്രഖ്യാപിച്ച പ്ലസ്ടു റിസര്‍ട്ടില്‍ എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ നേടിയത്.വിജയത്തിലും മിടുക്കിക്ക് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ രംഗത്തെത്തി.
പ്ലസ് ടു കൊമേഴ്‌സ് വിദ്യാര്‍ത്ഥിയായ ഗൗരി കടയ്ക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലാണ് പഠിക്കുന്നത്. എപ്ലസ് അടക്കം 747 മാര്‍ക്കാണ് ഗൗരിനന്ദ സ്വന്തമാക്കിയത്.ഭാവിയില്‍ സിഎക്കാരിയാകണമെന്നാണ് കൊച്ചുമിടുക്കിയുടെ ആഗ്രഹം.അനുജന്‍ പത്താം ക്ലാസില്‍ പഠിക്കുന്നു. പഠനത്തിലും മിടുക്ക് കാട്ടിയ ഗൗരിക്ക് അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയും രംഗത്തുവന്നിട്ടുണ്ട്. കൂലിപ്പണിക്കാരനാണ് ഗൗരിയുടെ പിതാവ് അനില്‍കുമാര്‍. അമ്മ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്.
നേരത്തെ ചടയമംഗലം സംഭവത്തില്‍ പൊലീസിനോട് വനിതാ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിക്കെതിരെ പൊലീസ് സ്വീകരിച്ച നടപടിയും, ചുമത്തിയിട്ടുള്ള വകുപ്പുകളുമടക്കം വിശദീകരണം നല്‍കണം. ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.പൊലീസല്ലേ, പ്രശ്‌നമാകും, മാപ്പ് പറഞ്ഞ് തീര്‍ത്തേക്ക് എന്നൊക്കെ പലരും ഉപദേശിച്ചെങ്കിലും നിയമപരമായി നേരിടാനായിരുന്നു ഗൗരിയുടെ തീരുമാനം. എന്നാല്‍ തന്നെ വിളിച്ച വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ തന്റെ പേരിലുള്ള ജാമ്യമില്ല വകുപ്പ് റദ്ദാക്കിയതായി അറിയിച്ചിരുന്നുവെന്ന് വ്യക്തമാക്കി.
അതേ സമയം സംഭവത്തിന് ശേഷം പൊലീസിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഒരു അന്വേഷണവും ഉണ്ടായിട്ടില്ലെന്നും ഈ പെണ്‍കുട്ടി പറയുന്നു.പൊലീസ് ഉദ്യോഗസ്ഥന്‍ അപമാനിച്ചെന്നും അന്യായമായി പിഴ ചുമത്തിയെന്നും ആരോപിച്ച് ഗൗരി യുവജന കമ്മിഷന് പരാതി നല്‍കിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11 മണിക്ക് ചടയമംഗലത്തെ സ്വകാര്യ ബാങ്കിന് സമീപമാണ് കേരളം ചര്‍ച്ച ചെയ്ത സംഭവങ്ങള്‍ ഉണ്ടായത്. അമ്മയ്ക്കൊപ്പം ആശുപത്രിയില്‍ പോയ ശേഷം എ.ടി.എമ്മില്‍ നിന്ന് പണമെടുക്കാന്‍ ബാങ്കിന് മുന്നിലെത്തിയതായിരുന്നു ഗൗരിനന്ദ. തിരിച്ചിറങ്ങിയപ്പോള്‍ പൊലീസ് ആളുകള്‍ക്ക് മഞ്ഞ പേപ്പറില്‍ എന്തോ എഴുതി കൊടുക്കുന്നു. ഒരാളോട് കാര്യം തിരക്കിയപ്പോള്‍ സാമൂഹ്യഅകലം പാലിക്കാത്തതിന് പിഴ അടയ്ക്കാനുള്ള പൊലീസിന്റെ നോട്ടീസ് കാണിച്ചു.
ഇതിന്റെ കാര്യം തിരക്കിയപ്പോള്‍ മോശമായ ഭാഷയിലായിരുന്നു പൊലീസുകാരന്റെ പ്രതികരണമെന്ന് ഗൗരിനന്ദ പറയുന്നു. ഇതോടെ ഗൗരി ശബ്ദമുയര്‍ത്തി. തര്‍ക്കം അരമണിക്കൂറോളം നീണ്ടു. ആളുകള്‍ തടിച്ചുകൂടി. പെണ്ണല്ലായിരുന്നെങ്കില്‍ കാണിച്ചുതരാമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതോടെയാണ് താന്‍ രൂക്ഷമായി പ്രതികരിച്ചത് എന്നാണ് ഗൗരി പറയുന്നത്. അതിനിടയില്‍ ആരോ പകര്‍ത്തിയ വീഡിയോ വൈറലായി, താന്‍ വീട്ടിലെത്തിയ ശേഷമാണ് ഈ വീഡിയോ വൈറലാകുന്ന കാര്യം അറിഞ്ഞത് എന്നാണ് ഗൗരി പറയുന്നത്.
അതേ സമയം ഗൗരിക്കെതിരെ കേസ് എടുത്ത പൊലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. കോവിഡ് നിയന്ത്രണങ്ങളിലെ അശാസ്ത്രീയതയും പൊലീസ് നടപടികളും ചോദ്യം ചെയ്ത് രംഗത്തെത്തുന്ന പലരും ഗൗരിയുടെ നടപടിയെ അഭിനന്ദിക്കുകയാണ്.