50 രൂപ ടിക്കറ്റില്‍ 20 മണിക്കൂര്‍ യാത്ര, ഡീസല്‍ തദ്ദേശ സ്ഥാപനങ്ങളുടെ വക; ഗ്രാമവണ്ടികള്‍ വരുന്നു

Latest കേരളം

ഗ്രാമവണ്ടിയെന്ന പേരിൽ കെ.എസ്.ആർ.ടി.സി. ഉൾപ്രദേശങ്ങളിലേക്ക് ബസുകൾ ഓടിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഡീസൽ ചെലവ് വഹിക്കും. ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണി ചെലവ് തുടങ്ങിയവ കെ.എസ്.ആർ.ടി.സി. വഹിക്കും. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ നഷ്ടമുണ്ടാക്കുന്നതിനെ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്കരിച്ചതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

ഗതാഗതവകുപ്പിന്റെ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലാഭകരമായ റൂട്ടിൽ മാത്രം ബസോടിക്കുക എന്നത് പ്രാവർത്തികമല്ല. സാമൂഹിക പ്രതിബദ്ധതകൂടി കണക്കിലെടുത്ത് സർവീസ് നടത്തേണ്ടിവരും. ഇത്തരത്തിലുണ്ടാകുന്ന നഷ്ടം നികത്താനാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുന്നത്.

ഗ്രാമീണമേഖലകളിൽ ബസുകൾ എത്തിപ്പെടാത്ത നിരവധി സ്ഥലങ്ങളുണ്ട്. പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപ്പറേഷനുകൾ എന്നിവയ്ക്ക് ബസ് ഓടിക്കേണ്ട റൂട്ടുകൾ നിശ്ചയിക്കാം. ഗ്രാമീണറോഡുകളിലൂടെ ഓടിക്കാൻ കഴിയുന്ന 25, 32 സീറ്റ് ബസുകൾ ഇതിനായി വാങ്ങും. തിരുവനന്തപുരം നഗരത്തിൽ ഏഴ് സിറ്റി സർക്കുലർ സർവീസുകൾ ചിങ്ങം ഒന്നു മുതൽ ഓടിത്തുടങ്ങും.

88 ബസുകൾ ഇതിനായി സജ്ജീകരിച്ചു. 50 രൂപ ടിക്കറ്റിൽ 20 മണിക്കൂർ യാത്രചെയ്യാനാകും. മത്സ്യത്തൊഴിലാളി സ്ത്രീകൾക്കുള്ള പ്രത്യേക സമുദ്ര ബസുകളും ഉടൻ നിരത്തിലിറങ്ങും. കെ.എസ്.ആർ.ടി.സി.യുടെ നഷ്ടം കാലങ്ങളായി ഒപ്പമുള്ളതാണ്. ഇത് ഒറ്റയടിക്ക് ഒഴിവാക്കാനാകില്ല. കോവിഡിനെത്തുടർന്ന് യാത്രക്കാർ കുറഞ്ഞത് വൻ പ്രതിസന്ധിയാണുണ്ടാക്കിയിട്ടുള്ളത്. പൊതുഗതാഗതം ഒന്നാകെ പ്രതിസന്ധിയിലാണ്. ഒന്നാം പിണറായി സർക്കാർ 4608 കോടി രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് നൽകിയത്.

2020-21 കാലഘട്ടത്തിൽ 1747.58 കോടി രൂപയും നൽകി. അടുത്ത മാർച്ചുവരെ പെൻഷൻ മുടങ്ങാതെ നൽകാൻ സഹകരണ ബാങ്കുകളുമായി കരാർ ഒപ്പിട്ടു. 3000 ബസുകൾ മൂന്നുവർഷം കൊണ്ട് സി.എൻ.ജി.യിലേക്കു മാറ്റും. 300 കോടി രൂപയാണ് ഇതിനുവേണ്ടത്. വർഷം 500 കോടി രൂപ ഡീസൽ ചെലവിൽ ലാഭിക്കാനാകും. ചെലവ് കുറച്ചും വൈവിധ്യവത്കരണത്തിലൂടെ സ്ഥാപനത്തിന്റെ നഷ്ടം കുറയ്ക്കുകയുമാണ് ലക്ഷ്യം- മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *