‘കോവിഡ് രണ്ടാം തരംഗത്തില്‍ കേരളം പരാജയപ്പെട്ടു’; കുറ്റപ്പെടുത്തി കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട്

Latest ഇന്ത്യ

ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തെ കുറ്റപ്പെടുത്തി കേന്ദ്രസംഘം. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങൾ ഇല്ലെന്നും രോഗം കണ്ടെത്തുന്നതിൽ മെല്ലെപ്പോക്കെന്നും കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട്. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര ഉപയോഗിക്കുന്നില്ല. രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിൽ അലംഭാവം കാണിക്കുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം സന്ദർശിച്ച കേന്ദ്രസംഘം അന്തിമ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചു.

കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘത്തിന്റെ അന്തിമ റിപ്പോർട്ടിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല എന്ന വിമർശനമുള്ളത്. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ നിരീക്ഷണ സംവിധാനങ്ങൾ ഇല്ലെന്നുള്ളതാണ് റിപ്പോർട്ടിന്റെ കാതൽ. രോഗം കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാർ മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നത്. സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

കോവിഡ് ഒന്നാംതരംഗത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ച സംവിധാനങ്ങൾ രണ്ടാംതരംഗത്തിൽ അലസത കാണിച്ചുവെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യം. ആർ.ടി.പി.സി.ആർ. ടെസ്റ്റുകൾ വേണ്ടത്ര രീതിയിൽ ഉപയോഗപ്പെടുത്തുന്നില്ല. ആർ.ടി.പി.സി.ആറിനെക്കാൾ റാപ്പിഡ് ആന്റിജൻ ടെസ്റ്റിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. മിക്കജില്ലകളിലും ആർ.ടി.പി.സി.ആർ. -റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുപാതം 80: 20 ആണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഗാർഹിക നിരീക്ഷണത്തിൽ വീഴ്ചയുണ്ടായി, അതാണ് രോഗവ്യാപനത്തിന് കാരണമായതെന്നാണ് സംഘത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. ഇതിനു പിന്നാലെയാണ് ഇപ്പോൾ അന്തിമ റിപ്പോർട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലഫോണിൽ ചർച്ച നടത്തി.

രോഗപ്രതിരോധവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. രോഗപ്രതിരോധ നടപടികൾ നിർദേശിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം, പിണറായി വിജയന് കത്തയച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. നിലവിലുള്ള രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒപ്പംതന്നെ കേരളത്തിന് രോഗപ്രതിരോധത്തിന് വേണ്ട എല്ലാവിധ സഹായവും പൂർണപിന്തുണയും കേന്ദ്രമന്ത്രി വാഗ്ദാനം ചെയ്തു.

ഒന്നാംതരംഗത്തിൽ മികച്ചരീതിയിൽ പ്രവർത്തിച്ച സർക്കാരും സംവിധാനങ്ങളും രണ്ടാംതരംഗത്തിൽ പരാജയപ്പെട്ടുവെന്നാണ് കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *