ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും തുറക്കുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റാണിപുരം വിനോദസഞ്ചാരകേന്ദ്രത്തില്‍ ട്രക്കിംഗ് പുനരാരംഭിച്ചു. കഴിഞ്ഞ മേയ് ആറിനാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് റാണിപുരം വീണ്ടും അടച്ചിട്ടത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് രാവിലെ എട്ടു മുതല്‍ വൈകിട്ട് മൂന്നുവരെ മാത്രമേ ട്രക്കിംഗ് അനുവദിക്കുകയുള്ളൂ. സമ്ബൂര്‍ണ ലോക്ഡൗണ്‍ ഉള്ള ദിവസങ്ങളില്‍ പ്രവേശനമുണ്ടാകില്ല.
ട്രക്കിംഗ് പുനരാരംഭിച്ച ആദ്യദിനത്തില്‍ നൂറോളം പേരാണ് മല കയറിയത്.
അടച്ചിടലിന്റെ മടുപ്പുമാറ്റി റാണിപുരത്തെ കാറ്റും മഴയും കോടമഞ്ഞും തണുപ്പും ആസ്വദിക്കാന്‍ ഓണക്കാലത്ത് കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷ.
പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി. പ്രഭാകരന്, വനസംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന്, സെക്രട്ടറി ആര്.കെ. രാഹുല്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ടി.എം. സിനി എന്നിവര്‍ ഇന്നലെ രാവിലെ പുല്‍മേട് സന്ദര്‍ശിച്ചു. തുടര്‍ന്ന് വനസംരക്ഷണ സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു. യോഗത്തില്‍ നിര്‍വാഹക സമിതി അംഗങ്ങളായ എം. ബാലു, എം.കെ. സുരേഷ്, പി. കൃഷ്ണകുമാര്‍, എം. ബാലകൃഷ്ണന് നായര്‍ എന്നിവരും സംബന്ധിച്ചു.