മൊഗ്രാൽ. അർഹമായ അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയഭേദമന്യേ രംഗത്തിറങ്ങി പൊരുതാൻ കാസർഗോഡ് പൊതുമനസ്സ് തയ്യാറെടുക്കുന്നു. എയിംസ് കാസർഗോഡിന് വേണമെന്ന ആവശ്യവുമായി വിവിധ സന്നദ്ധ, രാഷ്ട്രീയ സംഘടനകളും ഇതിനായി മാത്രം രൂപം കൊണ്ട “എയിംസ് ജനകീയ കൂട്ടായ്മയും” കഴിഞ്ഞ 2 വർഷമായി സജീവമായി രംഗത്തുണ്ട്.
ജില്ലയിലെ ജനപ്രതിനിധികളും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയുടെ ഈ ജനകീയ ആവശ്യത്തിന് ശക്തി പകർന്നിട്ടുണ്ട്. രാജ്മോഹൻ ഉണ്ണിത്താൻ എം പി ഇതിനകം കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ആവശ്യം ശക്തമായി ഉന്നയിക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തു. ജില്ലയിലെ എംഎൽഎമാരും സംസ്ഥാന സർക്കാരുമായി നിരന്തരം ബന്ധപ്പെട്ട് കൊണ്ടിരിക്കുന്നതും പ്രതീക്ഷകൾ നൽകുന്നുമുണ്ട്. ത്രിതല പഞ്ചായത്തുകളും പ്രമേയം പാസാക്കി സർക്കാറിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ജില്ലയിൽ നിന്ന് കാൽലക്ഷത്തോളം ഒപ്പുകൾ ശേഖരിച്ചു “കാസർഗോഡിനൊരിടം” കൂട്ടായ്മ മുഖ്യമന്ത്രിക്ക് സമർപ്പിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാറും അനുകൂലമായ നിലപാടാണ് ഇപ്പോൾ സ്വീകരിക്കുന്നതും.
കേന്ദ്രം സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട എയിംസ് ആരോഗ്യപരിപാലന രംഗത്ത് ഏറെ പിന്നോക്കം നിൽക്കുന്ന കാസർകോടിന് വേണമെന്ന ആവശ്യം ജില്ലയിലെ ജനങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു വരികയാണ്. നേരത്തെ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ നൽകിയ പട്ടികയിൽ കാസർഗോഡ്ന്റെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. പുതുതായി നൽകുന്ന പട്ടികയിൽ കാസർഗോഡിനെ ഉൾപ്പെടുത്തണമെന്നാണ് ജില്ലയിലെ മുഴുവൻ രാഷ്ട്രീയ പാർട്ടികളും, സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടു വരുന്നത്. ഇതു പരിഗണിക്കാമെന്ന് നേരത്തെ മുഖ്യമന്ത്രി സർവ്വകക്ഷി നിവേദന സംഘത്തിന് ഉറപ്പു നൽകിയതുമാണ്.
എയിംസ് സ്ഥാപിക്കാനാവശ്യമായ സ്ഥലം കാസർഗോഡ് ജില്ലയിൽ സംസ്ഥാന സർക്കാറിന്റെതായിട്ടുണ്ട്. ഇതു കേന്ദ്ര- സംസ്ഥാന സർക്കാരിനെ ബോധ്യപ്പെടുത്താൻ ജനപ്രതിനിധികൾക്കും, രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും, എയിംസ് ജനകീയ കൂട്ടായ്മയ്ക്കും ഇതിനകം സാധിച്ചിട്ടുമുണ്ട്. ജില്ലയിൽ എൻഡോസൾഫാൻ ദുരിതബാധിതർ അടക്കം ആയിരക്കണക്കിന് രോഗികൾ മതിയായ ചികിത്സ ലഭിക്കാതെ കർണാടകയെ ആശ്രയിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ എയിംസ് ജില്ലയിൽ തന്നെ സ്ഥാപിക്കണമെന്നാണ് ജനകീയ ആവശ്യം.
ഈ ആവശ്യമുന്നയിച്ച് എയിംസ് ജില്ലാ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുന്ന ചതുർദിന ജില്ലാ പദയാത്രയ്ക്ക് രണ്ടാം ദിവസമായ ഓഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് മൊഗ്രാലിൽ സ്വീകരണം നൽകാൻ മൊഗ്രാൽ ദേശീയവേദി യോഗം തീരുമാനിച്ചു. യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് അബ്കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം എം റഹ്മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ,പി എം മുഹമ്മദ് കുഞ്ഞി, വിജയകുമാർ ഹമീദ് കാവിൽ, ടി കെ അൻവർ, അഷ്റഫ് പെർവാഡ്, റിയാസ് മൊഗ്രാൽ,മുഹമ്മദ് സ്മാർട്ട് അബ്ദുല്ലകുഞ്ഞി നട്പ്പളം, ടി എ ജലാൽ, എച് എം കരീം, മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എസ് മുഹമ്മദ് കുഞ്ഞി, റസാഖ് കൊപ്പളം എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി എം എ മൂസ സ്വാഗതം പറഞ്ഞു.