അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയ്ക്ക് ചരിത്ര നേട്ടം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 15000 റണ്‍സ് എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലാണ് രോഹിത് ശര്‍മ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. അന്താരഷ്ട്ര ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന എട്ടാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്.
കരിയറില്‍ 15000 റണ്‍സ് പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ ഇതില്‍ കൂടുതല്‍ റണ്‍സും നേടിയിരിക്കുന്നത് ഏകദിനങ്ങളില്‍ നിന്നാണ്. 227 ഏകദിനങ്ങളില്‍ നിന്ന് 9205 റണ്‍സാണ് രോഹിത് നേടിയത്. 43 ടെസ്റ്റുകളില്‍ നിന്നും 2940 റണ്‍സും 111 ടി20യില്‍ 2864 റണ്‍സാണ് ഇന്ത്യയുടെ ഈ ഹിറ്റ്മാന്‍ നേടിയിട്ടുള്ളത്.
ഈ പട്ടികയില്‍ 34,357 റണ്‍സുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഒന്നാമന്‍. രാഹുല്‍ ദ്രാവിഡ്, വിരാട് കോഹ്ലി, സൗരവ് ഗാംഗുലി, എം എസ് ധോണി, വീരേന്ദര്‍ സെവാഗ്, മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരാണ് 15000 റണ്‍സ് പിന്നിട്ട മറ്റ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍. ഇതില്‍ ഇന്ത്യയുടെ ക്യാപ്റ്റനായ വിരാട് കോഹ്ലി 23049 റണ്‍സാണ് ഇതുവരെ നേടിയിട്ടുള്ളത്.
നേരത്തെ ഐ സി സി പുറത്തുവിട്ട ടെസ്റ്റ് റാങ്കിങ് പട്ടികയില്‍ നേട്ടമുണ്ടാക്കിയതിന് പിന്നാലെയാണ് റണ്‍വേട്ടയിലും രോഹിത് നേട്ടമുണ്ടാക്കുന്നത്. അടുത്തിടെ പുതുക്കിയ പട്ടികയില്‍ ടെസ്റ്റ് കരിയറിലെ തന്റെ ഏറ്റവും മികച്ച റാങ്കിങ് ആണ് രോഹിത് സ്വന്തമാക്കിയത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മറികടന്ന രോഹിത് ടെസ്റ്റില്‍ അഞ്ചാം സ്ഥാനത്താണ് നില്‍ക്കുന്നത്. ഇംഗ്ലണ്ട് പരമ്ബരയില്‍ താരം നടത്തുന്ന മികച്ച പ്രകടനമാണ് റാങ്കിങ്ങില്‍ പ്രതിഫലിച്ചത്. രോഹിത് അഞ്ചാം സ്ഥാനം നേടിയതോടെ കോഹ്ലി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയായിരുന്നു. 773 റേറ്റിംഗ് പോയിന്റോടെ അഞ്ചാം സ്ഥാനത്ത് നില്‍ക്കുന്ന രോഹിത് ശര്‍മയ്ക് പിന്നിലായി 766 റേറ്റിംഗ് പോയിന്റോടെയാണ് കോഹ്ലി ആറാം സ്ഥാനത്ത് നില്‍ക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് കോഹ്ലി ആദ്യ അഞ്ചില്‍ നിന്നും പുറത്തായത്. 2017 നവംബറിന് ശേഷം ആദ്യമായാണ് വിരാട് കോഹ്‌ലി അല്ലാത്ത മറ്റൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ റാങ്കിങ്ങില്‍ മുന്നിട്ട് നില്‍ക്കുന്നത്.