പാലക്കുന്ന്: മുൻചക്രം പൊട്ടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാറിടിച്ച് വൈദ്യുതത്തൂൺ ഒടിഞ്ഞു.
ഈ കോൺക്രീറ്റ് തൂണിന്റെ കഷണങ്ങൾ വീണ് മൂന്ന് ഇരുചക്രവാഹനങ്ങൾക്കും കേടുപറ്റി. കോട്ടിക്കുളം ബൈക്ക പള്ളിക്കടുത്ത് ബിസ്മി കോഴിക്കടയുടെ മുന്നിൽ ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് അപകടമുണ്ടായത്.
മംഗളൂരുവിൽനിന്ന് മലപ്പുറത്തെ ഒരു മരണവീട്ടിലേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടം നടന്നപ്പോൾതന്നെ വൈദ്യുതിപ്രവാഹം നിലച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ദിശതെറ്റി വരുന്ന കാർ കണ്ടതോടെ കോഴിക്കടയുടെ മുന്നിൽ ഉണ്ടായിരുന്ന മൂന്നുപേർ ഓടിരക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. മരണവീട്ടിലേക്ക് പോകേണ്ടവർ മറ്റൊരു വാഹനം ഏർപ്പാടാക്കി യാത്ര തുടർന്നു. ഉച്ചയോടെ പുതിയ തൂൺ സ്ഥാപിച്ച് വൈദ്യുതി വതരണവും പഴയനിലയിലാക്കി.