കാസർകോട്: കുമ്പള പഞ്ചായത്ത് ഭരണ സമിതിയിൽ സിപിഎം സഹായത്തോടെയാണ് 2 ബിജെപി അംഗങ്ങൾ സ്ഥിരം അധ്യക്ഷ പദവി നേടിയത് എന്ന ആരോപണവുമായി ജില്ലാ കമ്മിറ്റി അംഗം രാജി വച്ച സംഭവത്തിൽ ബി ജെ പി സംസ്ഥാന നേതൃത്വം വിശദീകരണം തേടി.
ഇന്നലെ ചേർന്ന ബിജെപി കുമ്പള പഞ്ചായത്ത്, മഞ്ചേശ്വരം നിയോജക മണ്ഡലം കോർ കമ്മിറ്റികളുടെ നേതൃ യോഗത്തിലാണു വിശദീകരണം ആവശ്യപ്പെട്ടത്.
23 അംഗ ഭരണ സമിതിയിൽ ബിജെപി അംഗങ്ങൾ വികസനം, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും സിപിഎം അംഗം ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷ പദവിയും നേടിയത് എതിരില്ലാതെയാണെന്നു ബിജെപി പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് കെ.സുധാകര കാമത്ത് വിശദീകരിച്ചു.
ആരോഗ്യ, വികസനം സ്ഥിരം സമിതിയിൽ സിപിഎം അംഗങ്ങളും ക്ഷേമ കാര്യ സമിതിയിൽ ബിജെപി അംഗങ്ങളും ഇല്ല.
മുസ്ലിം ലീഗ് അംഗം പ്രസിഡന്റും കോൺഗ്രസ് അംഗം വൈസ് പ്രസിഡന്റുമായ പഞ്ചായത്ത് ഭരണസമിതിയിൽ 2 അധ്യക്ഷ പദവിയും നേടുന്നത് ഇത് ആദ്യമാണെന്നും ഇതുവഴി പഞ്ചായത്തിലെ ജനങ്ങളിലേക്കും പ്രദേശങ്ങളിലേക്കും കൂടുതൽ ആനുകൂല്യങ്ങളും വികസനവും എത്തിക്കാൻ കഴിയുന്നതു പാർട്ടിക്കു വൻ നേട്ടമാണെന്നും കെ.സുധാകര കാമത്ത് വ്യക്തമാക്കി.
കുമ്പളയിലെ ബിജെപി രക്തസാക്ഷി കുടുംബങ്ങളിൽ വികാരം ഉയർത്തി മുതലെടുക്കുകയെന്ന ചില പാർട്ടി നേതാക്കളെ ഉന്നം വച്ചുളള നീക്കമാണു സിപിഎം പിന്തുണയോടെയാണ് ബിജെപി അംഗങ്ങൾ സ്ഥിരം സമിതി അധ്യക്ഷ പദവി നേടിയത് എന്ന ആരോപണത്തിനു പിന്നിലെന്നു യോഗത്തിൽ അഭിപ്രായമുയർന്നു.