കാസര്‍കോട് ▪️മേല്‍പറമ്പ ദേളിയിലെ സ്വകാര്യ സ്‌കൂളില്‍ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സഹാന ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ സഅദിയ സ്‌കൂളിലെ അധ്യാപകനും ആദൂര്‍ സ്വദേശിയുമായ ഉസ്മാനെ ഒളിവില്‍ പോകാന്‍ സഹായം നല്‍കിയതിന് സുഹൃത്ത് നൗഷാദ്, 25, കാഞ്ഞിരത്തുങ്കാല്‍, ബേഡഡുക്ക എന്നയാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.
ബേക്കല്‍ സബ് ഡിവിഷന്‍ ഓഫീസില്‍ വെച്ച് കേസന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി സി കെ സുനില്‍കുമാര്‍ പ്രതിയെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പെണ്‍കുട്ടിയുടെ പിതാവ് സയ്യിദ് മന്‍സൂര്‍ തങ്ങളുടെ പരാതിയില്‍ ആദ്യം അസ്വാഭാവിക മരണത്തിന് കേസ് എടുത്ത മേല്‍പറമ്പ പോലീസ്, അന്വേഷണ മധ്യേ പ്രതിയുടെ പേരില്‍ പോക്സോ നിയമവും ബാലനീതി നിയമവും കൂടാതെ ആത്മഹത്യാ പ്രേരണാ കുറ്റവും ചുമത്തി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പെണ്‍കുട്ടിയുടെ മരണ വിവരം അറിഞ്ഞ ഉടന്‍ തന്നെ പ്രതിയായ അധ്യാപകന്‍ കര്‍ണാടകത്തിലേക്ക് കടക്കുവാനും ഒളിവില്‍ പോകുന്നതിനും സുഹൃത്തായ നൗഷാദാണ് സഹായം നല്‍കിയതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കാസര്‍കോട് ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മേല്പറമ്പ സിഐ ടി ഉത്തംദാസ്, എസ്‌ഐ വിജയന്‍ എന്നിവരാണ് ഈ കേസ് ആദ്യം അന്വേഷിച്ചത്. പോക്സോ നിയമത്തിലെയും ബാലനീതി വകുപ്പിലെയും കുറ്റങ്ങളോടൊപ്പം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ആത്മഹത്യാ പ്രേരണാ കുറ്റവും, പ്രതിയെ ഒളിവില്‍ പാര്‍ക്കുന്നതിന് സഹായം ചെയ്ത കുറ്റവും ചുമത്തി കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് ബേക്കല്‍ ഡിവൈഎസ് പിയാണ്.
എത്രയും പെട്ടെന്ന് അന്വേഷണം പൂര്‍ത്തീകരിച്ച് പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കാനുള്ള ശ്രമത്തിലാണ് കേസന്വേഷണ സംഘം.
