കാസറഗോഡ് : ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാത്തതടക്കമുള്ള സർക്കാർ സംവിധാനത്തിലെ വീഴ്ചകൾ മറച്ച് വെച്ച് സർക്കാർ ഓഫീസുകളിൽ മിന്നൽ പരിശോധനകൾ നടത്തി ഉദ്യോഗസ്ഥരുടെ ആത്‌മാഭിമാനത്തെ ചോദ്യം ചെയ്യുന്ന വിധം പരസ്യമായി അധിക്ഷേപിക്കുന്നത് അപലപനീയമാണെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയൻ [എസ്.ഇ.യു. ] ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.സർക്കാർ ഓഫീസുകളിൽ ജനങ്ങൾക്കാവശ്യമായ സംവിധാനങ്ങൾ ഒരുക്കേണ്ടത് ഭരണകൂട ഉത്തരവാദിത്വമാണെന്നിരിക്കെ, അത്പാടെ വിസ്മരിച്ച് ക്യാമറയുമായി വന്ന് സർക്കാർ ഉദ്യോഗസ്ഥരുടെ മേൽ കുതിര കയറുന്നതും നടപടി എടുക്കുന്നതും അധികാരികൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റങ്ങളിലൂടെ അമിത ജോലിഭാരം അടിച്ചേൽപ്പിച്ച് ജീവനക്കാരെ മാനസ്സിക സമ്മർദ്ദത്തിലാക്കുന്ന സർക്കാറിന്റെ നടപടികൾ അവസാനിപ്പിക്കണമെന്നും എസ് ഇ യു ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.പ്രസിഡണ്ട് സലീം ടി. എ അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിംലീഗ് പ്രസിഡണ്ട് ടി. ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. എ.കെ.എം അഷ്‌റഫ് എം.എൽ. എ മുഖ്യാതിഥിയായിരുന്നു. എസ്. ഇ. യു സംസ്ഥാന പ്രസിഡണ്ട് എ.എം അബൂബക്കർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ലീഗ് സെക്രട്ടറി മൂസ. ബി ചെർക്കള, യൂത്ത് ലീഗ് ജില്ലാ ജന. സെക്രട്ടറി ആസിഫ് സഹീർ, നൗഫൽ നെക്രാജെ പ്രസംഗിച്ചു. ജന. സെക്രട്ടറി അബ്ദുൽ റഹ്മാൻ എ സ്വാഗതവും സിയാദ് പി നന്ദിയും പറഞ്ഞു.തുടർന്ന് ‘അതിജീവനം തേടുന്ന സിവിൽ സർവ്വീസ്, അനിവാര്യമാകുന്ന വീണ്ടെടുപ്പ്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ എൻ. എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്. ഇ. യു സംസ്ഥാന വൈസ് പ്രസിഡണ്ട് നാസർ നങ്ങാരത്ത് വിഷയാവതരണം നടത്തി.ഒ. എം ഷഫീഖ് അധ്യക്ഷത വഹിച്ചു. കെ. എം ബഷീർ, സൈനുദ്ദീൻ എൻ. പി, ശിഹാബ്. ഒ.എം,മുസ്തഫ കെ.എ, ഹംസത്ത് കെ. പി, ഇക്ബാൽ. ടി. കെ, സാദിഖ്. എം, ഷാകിർ.എൻ, അഷ്‌റഫ് അത്തൂട്ടി,സൈഫുദ്ദീൻ എം. കെ പ്രസംഗിച്ചു. ആസിയമ്മ ഇ. എ സ്വാഗതവും അഷ്‌റഫ് കല്ലിങ്കൽ നന്ദിയും പറഞ്ഞു.