റോഡ് അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകാനൊരുങ്ങി സ്റ്റാലിൻ സർക്കാർ. ‘ഇന്നുയിർ കാപ്പോൺ’ എന്ന പേരിൽ ശനിയാഴ്ച്ച മലമരുവത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ മൊത്തം സ്വകാര്യ-പൊതുമേഖല ആശുപത്രികളെ ഈ പദ്ധതിക്കു കീഴിൽ കൊണ്ടുവരാനാണ് സർക്കാർ തീരുമാനം.
ഇതുവഴി റോഡപകടത്തിൽ പെടുന്നവർക്ക് ആദ്യപടി മികച്ച ആരോഗ്യ പരിരക്ഷ നൽകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
‘ഇന്നുയിർ കാപ്പോൺ’ പദ്ധതി പ്രകാരം ഇരയ്ക്ക് പരമാവധി ഒരു ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.കൂടാതെ മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഭാഗമായവർക്കും അല്ലാത്തവർക്കും ഈ ആനുകൂല്യം ലഭ്യമാണ്.
അപകടത്തിൽപ്പെടുന്ന സ്വദേശികൾക്കും സംസ്ഥാനം സന്ദർശിക്കുന്ന മറ്റുള്ളവർക്കും ആദ്യ 48 മണിക്കൂറിനുള്ളിൽ സൗജന്യ വൈദ്യസഹായം നൽകുമെന്നും സർക്കാർ അറിയിച്ചു.
മുഖ്യമന്ത്രിയുടെ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് അതേ ആശുപത്രിയിൽ ചികിത്സ തുടരാനുള്ള അനുവാദമുണ്ടെന്നും ഈ പദ്ധതിയിലോ ഏതെങ്കിലും ഇൻഷുറൻസ് പദ്ധതിയിലോ ഉൾപ്പെടാത്തവർക്ക് അവരുടെ ആരോഗ്യനില തൃപ്തികരമാകുന്നത് വരെ സർക്കാർ ആശുപത്രിയിൽ സൗജന്യമായി ചികിത്സ നൽകുമെന്നും പ്രസ്താവനയിൽ പറയുന്നു.
അപകടത്തിൽപ്പെട്ടയാളുടെ ആരോഗ്യനില സാധാരണനിലയിലായാൽ സൗജന്യ ചികിത്സ മറ്റൊരിടത്ത് തുടരാനുള്ള അവകാശവും ഈ പദ്ധതി ഉറപ്പ് നൽകുന്നുണ്ട്.