തൃശ്ശൂർ: നഗരത്തിനു സമീപം കനാലിൽ രണ്ടുദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രണയിതാക്കളും സുഹൃത്തും പിടിയിൽ.
തൃശ്ശൂർ വരടിയം മമ്പാട്ട് വീട്ടിൽ മേഘ (22), വരടിയം ചിറ്റാട്ടുകര വീട്ടിൽ മാനുവൽ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരെയാണ് തൃശ്ശൂർ സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രി സ്വന്തം വീട്ടിൽ വെച്ചാണ് മേഘ പ്രസവിച്ചത്. ഇവർ ഗർഭിണിയായിരുന്നതും പ്രസവിച്ചതും വീട്ടുകാരറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറയുന്നു.
പ്രസവത്തെത്തുടർന്ന് മേഘ കുഞ്ഞിനെ മുറിയിൽ നേരത്തെ കരുതിവെച്ചിരുന്ന ബക്കറ്റിലെ വെള്ളത്തിലിട്ടുവെന്നും പിറ്റേന്ന് രാവിലെ യുവാവും സുഹൃത്തും ചേർന്ന് മൃതദേഹം സഞ്ചിയിലാക്കി കനാലിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.
മേഘയുടെ പേരിൽ കൊലക്കുറ്റത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന കുറ്റമാണ് മാനുവലിന്റെ പേരിലുള്ളത്. അതിന് സഹായം ചെയ്തതിന് അമലിന്റെ പേരിലും കേസെടുത്തു.
മേഘ എം.കോം. ബിരുദധാരിയും തൃശ്ശൂരിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ ജോലിക്കാരിയുമാണ്. മാനുവൽ പെയിന്റിങ് തൊഴിലാളിയാണ്.
പൂങ്കുന്നം എം.എൽ.എ. റോഡിനു സമീപം കുറ്റൂർ കനാലിൽ നിന്ന് ചൊവ്വാഴ്ച രാവിലെയാണ് നവജാത ശിശുവിന്റെ മൃതദേഹം സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്.
അയൽവാസികളായ മാനുവലും മേഘയും രണ്ടുവർഷത്തിലധികമായി പ്രണയത്തിലാണെന്ന് പോലീസ് പറയുന്നു.
വീടിന്റെ മുകളിലത്തെ മുറിയിൽ ഒറ്റയ്ക്കായിരുന്നു മേഘ ഉറങ്ങിയിരുന്നതെന്നും ശനിയാഴ്ച രാത്രി പ്രസവിച്ച കാര്യം വീട്ടുകാർ അറിഞ്ഞില്ലെന്നുമാണ് പോലീസ് പറയുന്നത്.
പ്രസവാവശിഷ്ടങ്ങൾ കക്കൂസിൽ ഒഴുക്കിക്കളഞ്ഞെന്നും പോലീസ് റിപ്പോർട്ടിലുണ്ട്. പിന്നീട് വിവരം മാനുവലിനെ ഫോണിൽ വിളിച്ചറിയിച്ചു.
പിറ്റേന്ന് രാവിലെ 11-ഓടെ മൃതദേഹമടങ്ങിയ സഞ്ചി മാനുവലിനെ ഏൽപ്പിച്ചു. മാനുവൽ സഹായത്തിന് സുഹൃത്ത് അമലിനെ സമീപിക്കുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ശിശുവിന്റെ ഡി.എൻ.എ. പരിശോധനയടക്കം കൂടുതൽ അന്വേഷണങ്ങൾ നടത്താനുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ, അസി. കമ്മിഷണർ വി.കെ. രാജു എന്നിവർ അറിയിച്ചു.