മൾട്ടി ലെയർ നെറ്റ് വർക്ക് മാർക്കറ്റിങ്ങ് വിലക്കി കേന്ദ്രസർക്കാർ ഉത്തരവിട്ടു. നേരിട്ടുള്ള വിൽപനയുടെ (ഡയറക്ട് സെല്ലിങ്) മറവിൽ ആളുകളെ കണ്ണി ചേർത്ത് വിവിധ തട്ടുകളാക്കി പ്രവർത്തിക്കുന്ന രീതിയാണ് കേന്ദ്രം വിലക്കിയത്.
പ്രൈസ് ചിറ്റ്സ് ആന്റ് മണി സർക്കുലേഷൻ സ്കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പിൽ വരുന്ന മണി ചെയിൻ പദ്ധതികൾക്കും കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
നീതിപൂർവമല്ലാത്ത വ്യാപാരമാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര പറഞ്ഞു.ആളുകളെ പുതുതായി ചേർക്കുന്നതിന് അനുസരിച്ച് പണം ലഭിക്കുന്ന പിരമിഡ് മാതൃകയാണിത്.
ആദ്യം ചേരുന്നവർ മുകൾതട്ടിലും പിന്നീട് ചേരുന്നവർ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേർത്തു കൊണ്ടിരിക്കുന്ന മൾട്ടിലെയേഡ് നെറ്റ് വർക്കാണ് പിരമിഡ് സ്കീം എന്ന് പുതിയ വിജ്ഞാപനത്തിൽ പറയുന്നു.
കേരളത്തിൽ സജീവമായ മിക്ക വിദേശ ഇന്ത്യൻ മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനികളും പ്രവർത്തിക്കുന്നത് ഇങ്ങനെയാണ്.പുതിയ വിജ്ഞാപന പ്രകാരം ഡയറക്ട് സെല്ലിങ്ങിന് കേന്ദ്രം പുതിയ നിർവചനവും കൊണ്ടു വന്നിട്ടുണ്ട്.
ഒരു സ്ഥാപനമോ കമ്പനിയോ നേരിട്ടുള്ള വിൽപ്പനക്കാരിലൂടെ തങ്ങളുടെ ഉൽപ്പനങ്ങളും സേവനങ്ങളും നൽകുന്നതാണ് ഡയറക്ട് സെല്ലിങ്. ഇത് കമ്പനികളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങളും കേന്ദ്രം പുറത്തിറക്കിയിട്ടുണ്ട്.
കൺസ്യൂമർ പ്രൊട്ടക്ഷൻ (ഡയറക്ട് സെല്ലിംഗ്) റൂൾസ്, 2021 അനുസരിച്ച്, അവരുടെ നേരിട്ടുള്ള വിൽപ്പനക്കാരിൽ നിന്ന് ഉണ്ടാകുന്ന പരാതികൾക്ക് കമ്പനികൾ ബാധ്യസ്ഥരായിരിക്കും.
ഇത്തരം കമ്പനികൾക്ക് ഇന്ത്യയിൽ ഒരു ഓഫീസെങ്കിലുമുണ്ടാകണം, ഉപഭോക്തൃ സംരക്ഷണം അനുസരിച്ച്, ഏതെങ്കിലും തരത്തിലുള്ള പിരമിഡ് സ്കീം അല്ലെങ്കിൽ മണി സർക്കുലേഷൻ സ്കീം എന്നിവയുമായി ബന്ധമില്ലന്ന് കമ്പനി വ്യക്തമാക്കണം,എല്ലാ വിൽപനക്കാർക്കും തിരിച്ചറിയൽ കാർഡ് നൽകണം, കമ്പനി സെക്രട്ടറി വിൽപനക്കാരുമായി രേഖാമൂലം കരാറിലേർപ്പൈം, വിൽപ്പനക്കാരുടെ ചരക്കുകൾക്കും സേവനങ്ങൾക്കും കമ്പനി സെക്രട്ടറിയായിരിക്കും ഉത്തരവാദിയെന്നും കേന്ദ്രം വ്യക്തമാക്കുന്നു.