ന്യൂഡൽഹി: ഇന്ത്യയിൽ കൊവിഡ് രോഗികൾ എണ്ണത്തിൽ ഗണ്യമായി വർധനവ്. കഴിഞ്ഞ 24 മണിക്കൂറിൽ രണ്ടര ലക്ഷത്തിനടുത്ത് പുതിയ കൊവിഡ് രോഗികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് പ്രകാരം 2,47,417 പുതിയ കേസുകളാണ് ഇന്നലെ മാത്രം സ്ഥിരീകരിച്ചത്. മഹാരാഷ്ട്ര, ഡെൽഹി, തമിഴ്നാട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ ആശങ്കയിലാണ്. കൂടുതൽ സംസ്ഥാനങ്ങളിൽ ഒമിക്രോൺ വ്യാപനവും നിലനിൽക്കുന്നുണ്ട്.
കഴിഞ്ഞ ദിവസത്തേക്കാൾ 17 ശതമാനം വർദ്ധനവാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായിരിക്കുന്നത്, 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. ഒമിക്രോൺ ആശങ്ക നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും.
ഇക്കാര്യത്തിൽ പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.
വൈകീട്ട് നടക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നിർണായക തീരുമാനങ്ങളെടുത്തേക്കുമെന്നും സൂചനയുണ്ട്.
അതേസമയം 24 മണിക്കൂറിൽ 84,825 പേർ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. 11,17,531 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്.
ഇതിൽ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം പകുതിയിൽ കുറവാണ്. ,488 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺ സ്ഥിരീകരിച്ചത്.