ഉപ്പള ബേക്കൂറിൽ കൊറഗവേഷം കെട്ടിയ വരന്റെ വീടിന് നേരെ ആക്രമണം; ജനല്‍ ഗ്ലാസുകള്‍ തകര്‍ത്തു

Latest കേരളം പ്രാദേശികം

ബേക്കൂര്‍: കൊറഗവേഷം കെട്ടി വിമര്‍ശന വിധേയനായ നവവരന്റെ വീടിന് നേരെ അക്രമം. വീടിന്റെ ജനല്‍ ഗ്ലാസുകള്‍ എറിഞ്ഞു തകര്‍ത്തു. ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിച്ചു.

ബേക്കൂര്‍ അഗര്‍ത്തിമൂലയിലെ വീട്ടിന്റെ മുന്‍വശത്തെ രണ്ട് ഗ്ലാസുകളും എറിഞ്ഞു തകര്‍ക്കുകയും ഗേറ്റിന്റെ മതിലിന് കാവി പെയിന്റ് ഒഴിക്കുകയുമായിരുന്നു. ഇന്ന് പുലര്‍ച്ച ബൈക്കിലെത്തിയ രണ്ട് പേരാണ് അക്രമം നടത്തിയതെന്ന് സംശയിക്കുന്നു.

ഗ്ലാസ് തകര്‍ന്ന് വീഴുന്ന ശബ്ദം കേട്ട് വീട്ടുകാര്‍ ബഹളം വെക്കുന്നതിനിടയില്‍ ബൈക്കില്‍ രണ്ട് പേര്‍ രക്ഷപ്പെട്ടതായി വീട്ടുകാര്‍ പറയുന്നു.പൊലീസ് പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രാമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വീട്ടു പരിസരത്തും ബേക്കൂരിലും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിട്ടുണ്ട്.

ഒരാഴ്ച മുമ്പ് കര്‍ണാടകയിലെ വധു ഗൃഹത്തിലേക്ക് വരനെ കൊറഗ വേഷം കെട്ടിച്ച് ആനയിച്ചത് വലിയ വിവാദമായിരുന്നു. വ്യാപകമായ പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിരുന്നു.

സംഭവത്തില്‍ വിട്ട്‌ല പൊലീസ് നവവരനടക്കം 25 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *