പ്രിയ പിതാവ് ഇല്ലാത്ത ഒമ്പത് വർഷം

Latest കേരളം

സ്നേഹനിധിയായ എന്റെ പിതാവിന്റെ വേർപാടിന് ഒമ്പത് വർഷം തികയുകയാണ്.2013 ജനുവരി 18 നായിരുന്നു ഞങ്ങളെയൊക്കെ കണ്ണീരിലാഴ്ത്തിക്കൊണ്ട് ഉപ്പയുടെ അന്ത്യം.

ഉപ്പ പകർന്ന് തന്ന സ്നേഹവും ഉപദേശങ്ങളുമെല്ലാം ഒരു മുതൽകൂട്ടായി ഇന്നും മനസ്സിൽ മായാതെ നിൽക്കുന്നുണ്ട്.ഞാൻ എന്തെങ്കിലുമായിട്ടുണ്ടെങ്കിൽ കടപ്പാട് ഉപ്പയോട് മാത്രം..

വിദ്യാഭ്യാസം നേടേണ്ട ആവശ്യകതയെ കുറിച്ച് ഉപ്പ എന്നും വാചാലനാവുമായിരുന്നു.ഞങ്ങൾക്ക് വിദ്യ നേടിത്തരാൻ എത്ര കാശ് മുടക്കാനും ഉപ്പ തയ്യാറായിരുന്നു. എനിക്ക് സർക്കാർ ജോലി ലഭിക്കണമെന്നത് ഉപ്പയുടെ വലിയ ആഗ്രഹമായിരുന്നു.പ്രതീക്ഷിച്ച പോലെയല്ലെങ്കിലും എനിക്ക് ചെറിയ ഒരു ജോലി ലഭിച്ചപ്പോൾ എന്നിലുപരി ഉപ്പ സന്തോഷിച്ചിരുന്നു. പിന്നീട് ഉപ്പ കിടപ്പിലായ സമയം എന്റെ ഭാര്യക്ക് മൊഗ്രാൽ സ്കൂളിൽ ടീച്ചറായി നിയമനം ലഭിച്ചപ്പോൾ സന്തോഷം കൊണ്ട് ഉപ്പയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇന്ന് മനസ്സിന് സന്തോഷം പകരുന്ന കാര്യങ്ങൾ കുടുംബത്തിൽ വല്ലതും നടക്കുമ്പോൾ ഉപ്പ ജീവിച്ചിരിപ്പില്ലല്ലോ എന്ന ദുഃഖം വേട്ടയാടിക്കൊണ്ടേയിരിക്കുന്നു.നീണ്ട നാല് പതിറ്റാണ്ടോളം മൊഗ്രാലിൽ കച്ചവട രംഗത്ത് “ബീച്ച് ഹോട്ടലിലൂടെ ” സജീവമായിരുന്ന ഉപ്പ ഇടപാടുകളിലും കണക്കിലും കണിശത കാത്ത് സൂക്ഷിക്കുമായിരുന്നു.ഞങ്ങളും അത്പോലെയാവണമെന്നത് ഉപ്പയ്ക്ക് നിർബന്ധവുമായിരുന്നു.

തികഞ്ഞ മതബോധം കാത്തു സൂക്ഷിച്ചിരുന്ന ഉപ്പ പള്ളിയോട് അടുപ്പം സ്ഥാപിക്കുകയും നിസ്കാരവേളകളിൽ ആദ്യ സ്വഫ്ഫിൽ സ്ഥാനം പിടിക്കുകയും ചെയ്യുമായിരുന്നു. ഈ കാര്യത്തിന്റെ ഗൗരവം എന്നെ ബോധ്യപ്പെടുത്താനും അതിനായി എന്നെ പ്രേരിപ്പിക്കാനും ഉപ്പ ശ്രമിക്കുമായിരുന്നു. എന്നാൽ ഉപ്പയുടെ ചിട്ടയാർന്ന ജീവിതത്തിന്റെ നാലയലത്ത് പോലും എത്താൻ എനിക്കാവുന്നില്ലല്ലോ എന്ന ചിന്ത ഇന്നും എന്നെ വേട്ടയാടാറുണ്ട്.

എല്ലാം കൊണ്ടും ഒരു വഴികാട്ടിയെയായിരുന്നു ഉപ്പയുടെ വിയോഗത്തിലൂടെ അക്ഷരാർത്ഥത്തിൽ ഞങ്ങൾക്ക് നഷ്ടപെട്ടത്. ഉപ്പയുടെ നന്മകൾ ഇന്ന് പലരിൽ നിന്നായി കേൾക്കുമ്പോൾ ഉപ്പയുടെ സാമീപ്യം വീണ്ടും വീണ്ടും കൊതിച്ചുപോവുകയാണ്.ഞങ്ങളോടുള്ള സ്നേഹം മനസ്സിന്റെയകത്ത് കാത്തുസൂക്ഷിച്ച് പുറത്ത് പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കുമ്പോഴും പലപ്പോഴും അത് മറനീക്കി പുറത്ത് വന്നിട്ടുണ്ട്.

സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇടവേളകളിൽ ബീച്ച് ഹോട്ടലിൽ നിന്ന് ഉപ്പ സ്നേഹപൂർവ്വം നൽകാറുള്ള പാലിന്റെയും പൊറോട്ടയുടെയും ബീഫിന്റെയും രുചി നാവിൻതുമ്പത്ത് ഇന്നും തത്തികളിക്കുന്നുണ്ട്.

ഉപ്പ ജീവിതത്തിലുടനീളം പകർന്ന് തന്ന പ്രകാശം ഒരു കെടാവിളക്കായി മനസ്സിനെയും കണ്ണുകളെയും നനയിപ്പിച്ച്കൊണ്ട് പലപ്പോഴും കടന്ന് വരാറുണ്ട്.ജീവിതകാലത്ത് ഉപ്പ എന്ന തണൽ വൃക്ഷത്തിന്റെ വില പലപ്പോഴും നമ്മൾക്കറിയാറില്ല..

അവരുടെ മരണശേഷമാണ് നമുക്ക് അത് ഏറെ ബോധ്യമാകുന്നത്. ഉപ്പയുടെ സാന്നിധ്യമനുഭവിക്കുന്നവർ, അവരുടെ മനസ്സിനെ മുറിവേൽപ്പിക്കാതെ അവർക്കുമുന്നിൽ കാരുണ്യത്തിന്റെ ചിറകുകൾ താഴ്ത്തിക്കൊടുക്കണമെന്ന ഖുർആൻ വചനം ഞാൻ ഇവിടെ ഓർമപ്പെടുത്തട്ടെ…

ആരെയും നോവിക്കാതെ കടന്ന് പോയ എന്റെ പ്രിയ പിതാവിന്റെ മഗ്ഫിറത്തിനായി പ്രാർത്ഥിക്കണമെന്ന് നിങ്ങളോരോരുത്തരോടും ആവശ്യപെടുന്നതോടൊപ്പം ഉപ്പമാരോടൊപ്പം സ്വർഗീയപൂങ്കാവനത്തിൽ നാമേവരെയും അള്ളാഹു ഒരുമിച്ചുകൂട്ടട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *