കര്‍ണാടക സംസ്ഥാന യൂത് കോണ്‍ഗ്രസ് പ്രസിഡന്റായി മുഹമ്മദ് ഹാരിസ് നാലപ്പാടിനെ തെരഞ്ഞെടുത്തു.
റേസ് കോഴ്സ് റോഡിലെ കോണ്‍ഗ്രസ് ഹൗസില്‍ തിങ്കളാഴ്ച സ്ഥാനമേറ്റെടുത്ത അദ്ദേഹം ഫെബ്രുവരി 10ന് ഔദ്യോഗികമായി ചുമതലയേല്‍ക്കുമെന്ന് അറിയിച്ചു.
അന്നേ ദിവസം എല്ലാ ജില്ലാ യൂത് കോണ്‍ഗ്രസ് കമിറ്റി അംഗങ്ങള്‍ക്കും ഒപ്പം മുഹമ്മദ് നാലപ്പാടും സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപോര്‍ട്.
രാവിലെ യൂത് കോണ്‍ഗ്രസ് ഓഫീസില്‍ പിതാവും ശാന്തി നഗര്‍ എംഎല്‍എയുമായ എന്‍ എ ഹാരിസ്, കെപിസിസി ന്യൂനപക്ഷ വിഭാഗം പ്രസിഡന്റ് അബ്ദുള്‍ ജബ്ബാര്‍, മൗലാന മഖ്സൂദ് ഇമ്രാന് എന്നിവരുടെ സാന്നിധ്യത്തിലാണ് മുഹമ്മദ് സ്ഥാനമേറ്റെടുത്തത്.
ചൊവ്വാഴ്ച യൂത് കോണ്‍ഗ്രസ് ഭാരവാഹികളുടെ യോഗം ചേരുമെന്ന് മുഹമ്മദ് നാലപ്പാട് അറിയിച്ചു.
യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് കഴിഞ്ഞ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ മുഹമ്മദ് നാലപ്പാട് 64,203 വോടുകള്‍ നേടി വിജയിച്ചിരുന്നു.
എന്നാല്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് ബോര്‍ഡ് അദ്ദേഹത്തെ അയോഗ്യനാക്കി. തുടര്‍ന്ന് 56,271 വോടുകള്‍ നേടി രണ്ടാമതെത്തിയ രക്ഷ രാമയ്യയെ പ്രസിഡന്റായി നിയമിച്ചു.
ഇത് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും ഇടയാക്കിയിരുന്നു.അഖിലേന്ത്യാ യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് ബിവി ശ്രീനിവാസ്, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുമായും ഡികെ ശിവകുമാറുമായും നടത്തിയ ചര്‍ചയില്‍ രണ്ട് യുവാക്കള്‍ തമ്മിലുള്ള അധികാരം പങ്കിടുന്നത് സംബന്ധിച്ച് ധാരണയായിരുന്നു.
രക്ഷാ രാമയ്യയുടെ പ്രസിഡന്റ് കാലാവധി 2022 ജനുവരി 31 വരെയായി നിശ്ചയിച്ചിരുന്നു. ആ കാലാവധി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് മുഹമ്മദ് നാലപ്പാട് പദവിയിലേക്കെത്തിയത്.