‘റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടു’: തിരിച്ചടിച്ചെന്ന് യുക്രൈന്‍

Latest അന്താരാഷ്ട്രം

വ്യോമാക്രമണം തുടങ്ങിയ റഷ്യയ്ക്ക് തിരിച്ചടിയുമായി യുക്രൈന്‍. അഞ്ച് റഷ്യന്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടെന്നാണ് യുക്രൈന്‍റെ അവകാശവാദം.

റഷ്യയില്‍ സ്ഫോടനമുണ്ടായെന്ന് വാര്‍ത്താഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.യുക്രൈന്‍റെ തലസ്ഥാനമായ കിയവില്‍ ആറിടത്ത് സ്ഫോടനമുണ്ടായതിനു പിന്നാലെയാണ് തിരിച്ചടി.

യുക്രൈനിലെ ഡൊനെറ്റ്സ്ക് മേഖലയിലെ ക്രമാറ്റോർസ്കിലും വലിയ ശബ്ദം കേട്ടെന്ന് ബിബിസി, സിഎന്‍എന്‍ മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖാർകിവ്, ഒഡെസ, കിഴക്കൻ ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്.

കിർകിവ് നഗരം പുകയിൽ മൂടിയെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. രണ്ട് മണിക്കൂർ മുമ്പ് വരെ സ്ഫോടന ശബ്ദം കേട്ടു. രേഖകളും വെള്ളവും മാത്രമെടുത്ത് താമസ സ്ഥലം ഒഴിയാൻ നിർദേശം ലഭിച്ചു.

ബങ്കറുകളിലേക്ക് മാറാനാണ് നിർദേശം ലഭിച്ചതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.യുക്രൈനെതിരെ സൈനിക നടപടിക്ക് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതോടെയാണ് യുദ്ധം തുടങ്ങിയത്.

യുക്രൈനിലെ ഡോണ്‍ബാസ് മേഖലയിലേക്ക് കടക്കാനാണ് പുടിന്‍ ആദ്യം സൈന്യത്തിന് നിർദേശം നൽകിയത്. മേഖലയില്‍ യുക്രൈന്‍റെ ആക്രമണമുണ്ടാകുന്നുവെന്നാണ് റഷ്യയുടെ ആരോപണം.

അതിന് തടയിടാന്‍ സൈനിക നടപടി വേണമെന്നാണ് പുടിന്‍ വ്യക്തമാക്കിയത്. ലോകരാജ്യങ്ങള്‍ ഇടപെടരുതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ മുന്നറിയിപ്പു നല്‍കി. ആയുധം താഴെവെക്കണമെന്നും പുടിന്‍ യുക്രൈനോട് ആവശ്യപ്പെട്ടു.

അതേസമയം, യുദ്ധനീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു. സാഹചര്യം കൂടുതല്‍ അപകടകരമായി മാറിയതിനാല്‍ യു.എന്‍ സുരക്ഷാസമിതിയുടെ അടിയന്തര യോഗം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *