ഉത്തര മലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും പൂരക്കളിപ്പാട്ടിന്റെയും മറത്തുകളിയുടെയും ആരവങ്ങൾ മുഴങ്ങുമ്പോൾ കണ്ണൂരിലെ ഒരു പൂരക്കളി കലാകാരൻ മാത്രം ഈ ആരവങ്ങളിൽ നിന്നെല്ലാം നിർബന്ധപൂർവ്വം വിട്ടുനിൽക്കുകയാണ്. കരിവെള്ളൂർ കുതിരുമ്മലയിലെ പൂരക്കളി കലാകാരൻ വിനോദ് പണിക്കരെയാണ് പ്രദേശത്തെ ക്ഷേത്ര ഭാരവാഹികൾ പൂരക്കളിയിൽ നിന്ന് മാറ്റിനിർത്തിയിരിക്കുന്നത്.
മകൻ മറ്റൊരു മതത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ചുവെന്നതിന്റെ പേരിലാണ് ക്ഷേത്ര ഭാരവാഹികൾ തനിക്ക് വിലക്കേർപ്പെടുത്തിയതെന്നാണ് വിനോദിന്റെ ആരോപണം.പൂരക്കളിയുടെ ഈറ്റില്ലമായ കരിവെള്ളൂരിൽ കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി ഈ രംഗത്തെ സജീവ സാന്നിധ്യമാണ് വിനോദ് പണിക്കർ. മകന്റെ വിവാഹത്തിന് പിന്നാലെ സ്വന്തം നാട്ടിലെ രണ്ട് ക്ഷേത്രങ്ങളിലെ പൂരക്കളിയിൽ നിന്നാണ് വിനോദ് മാറ്റിനിർത്തപ്പെട്ടത്.
ആദ്യം വീടിനോട് ചേർന്നുള്ള വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽ നിന്നാണ് മരുമകളുടെ മതത്തിന്റെ പേരിൽ വിലക്ക് നേരിടേണ്ടി വന്നതെങ്കിൽ, പരിസര പ്രദേശത്തെ കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ഏറ്റവുമൊടുവിൽ വിലക്ക് നേരിട്ടതെന്നും വിനോട് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.ഈ വർഷത്തെ ഉത്സവകാലത്ത് കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലാണ് വിനോദ് കളിക്കാൻ നിശ്ചയിച്ചിരുന്നത്.
എന്നാൽ ആചാരങ്ങൾ തെറ്റിച്ച് അന്യമതത്തിലുള്ള പെൺകുട്ടി കഴിയുന്ന വീട്ടിൽനിന്ന് പണിക്കരെ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ സാധിക്കില്ലെന്നും അവരെ വീട്ടിൽനിന്ന് മാറ്റിനിർത്തണമെന്നും ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടതായി വിനോദ് പറഞ്ഞു.
അതിന് തയ്യാറാകാത്തതിനാലാണ് തന്നെ വിലക്കിയതെന്നും കഴിഞ്ഞവർഷം വാണിയില്ലം സോമേശ്വരി ക്ഷേത്രത്തിൽനിന്നും ഇതേ അനുഭവമുണ്ടായെന്നും അദ്ദേഹം പറഞ്ഞു.കരിവെള്ളൂരിലെ ക്ഷേത്രങ്ങളിൽ പൂരോത്സവത്തിനായി നാലും അഞ്ചും വർഷം മുമ്പേ സമുദായ സംഘം പണിക്കൻമാരെ നിശ്ചയിച്ചുറപ്പിക്കുന്നതാണ് പതിവ്.
കരിവെള്ളൂർ സോമേശ്വരി ക്ഷേത്രത്തിലും കുണിയൻ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും പൂരക്കളിക്കും മറത്തുകളിക്കും ഇത്തരത്തിൽ നിശ്ചയിച്ചത് വിനോദിനെയായിരുന്നു. ഇതിനിടെയാണ് 2018ൽ വിനോദിന്റെ മകൻ ഇതരമതസ്ഥയായ യുവതിയെ വിവാഹം കഴിച്ചത്.
ഇതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹത്തിന് പിന്നാലെ സോമേശ്വരി ക്ഷേത്ര ഭാരവാഹികളിൽ ചിലർ വരാൻപോകുന്ന ഉത്സവവേളയിൽ പൂരക്കളിയിൽ പങ്കെടുക്കുമ്പോഴുണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യത്തെ കുറിച്ച് വിനോദിനോട് സംസാരിച്ചു.
ഈ അവസരത്തിൽ മകനേയും മരുമകളേയും വീട്ടിൽനിന്ന് മാറ്റിനിർത്തണമെന്നും നിർദേശിച്ചു. എന്നാൽ അതിന് തയ്യാറാകാതിരുന്നതോടെ തന്നെ മാറ്റിനിർത്തി മറ്റൊരു കലാകാരനെ കണ്ടെത്തി പൂരോത്സവം നടത്തിയെന്നും വിനോദ് പറഞ്ഞു.
മകൻ അന്യമതസ്ഥയായ കുട്ടിയെ വിവാഹം ചെയ്തതുകൊണ്ട് എല്ലാ ക്ഷേത്ര ചിട്ടവട്ടങ്ങളും അനുസരിക്കുന്ന പൂർണ വിശ്വാസിയായ തന്നെയെന്തിനാണ് ശിക്ഷിക്കുന്നതെന്നാണ് വിനോദ് ചോദിക്കുന്നത്.
വിലക്ക് നേരിട്ടപ്പോൾതന്നെ വിഷയം സിപിഎം പ്രാദേശിക നേതാക്കളെയും മറ്റും അറിയിച്ചിരുന്നു. എന്നാൽ ബന്ധപ്പെട്ട ആരും അന്നൊന്നും വിഷയത്തിൽ ഇടപെട്ടിട്ടില്ല, അതെന്തുകൊണ്ടാണെന്ന് തനിക്ക് അറിയില്ലെന്നും വിനോദ് പറഞ്ഞു.