മൊബൈലില്‍ ഗെയിം കളിക്കുന്നതിനിടെ പിടിച്ചു വാങ്ങി, മാതാവുമായി പിണങ്ങിയ 11 കാരി മരിച്ച നിലയില്‍

Latest കേരളം

കാസര്‍കോട്: മൊബൈലില്‍ ഗെയിം കളിക്കുന്നതിനെ തുടര്‍ന്ന് മാതാവ് ശാസിച്ചു. മനംനൊന്ത് പതിനൊന്നുകാരി ആത്മഹത്യ ചെയ്തു. കാസര്‍കോട് മേല്‍പറമ്പ് കടാങ്കോട് സ്വദേശി അബ്ദുല്‍ റഹ്മാന്‍ ഷാഹിന ദമ്പതികളുടെ മകള്‍ ഫാത്തിമ അംന(11) ആണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് ആറേ മുക്കാലോടെയാണ് സംഭവം.

മൊബൈല്‍ ഗെയിം കളിക്കുന്നത് കണ്ട മാതാവ് പഠിക്കാന്‍ പറഞ്ഞ് ശാസിച്ചിരുന്നു. പിന്നെയും മൊബൈല്‍ ഉപയോഗിക്കുന്ന കണ്ടതോടെ മൊബൈല്‍ പിടിച്ചു വാങ്ങുകയായിരുന്നു. ഇതില്‍ പിണങ്ങിയ വിദ്യാര്‍ത്ഥിനി ചൂരിദാര്‍ ഷാള്‍ ഉപയോഗിച്ച് ജനല്‍ കമ്പിയില്‍ ചുറ്റി തൂങ്ങുകയായിരുന്നു.

ഇത് കണ്ട മാതാവ് മറ്റുള്ളവരെ അറിയിച്ച് മേല്‍ പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. മാതാവ് പഠിക്കാന്‍ ആവശ്യപ്പെട്ട് പുറത്ത് പോയി തിരിച്ചെത്തിയപ്പോഴാണ് മകളെ തൂങ്ങിയ നിലയില്‍ കണ്ടത്.

മൃതദേഹം ഞായറാഴ്ച രാത്രി തന്നെ കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. തിങ്കള്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ചന്ദ്രഗിരി ഗവ.ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അംന.മുഹമ്മദ് അബ്ദുല്ല സഹോദരനാണ്.

മേല്‍ പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിനിയും ആത്മഹത്യ ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *