ഓടുന്ന ട്രെയിനിനടിയിലേക്ക് വീണു; ഹൃദയം സ്തംഭിച്ച നിമിഷം; അത്ഭുതകരമായ രക്ഷപ്പെടൽ

Latest

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിനടിയിലേക്ക് റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് വീണാൽ മരണം സുനിശ്ചിതം, എന്നാൽ അതിനെ അതിജീവിച്ച് വളരെ അത്ഭുതകരമായി രക്ഷപ്പെട്ട ഒരു സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ മാർച്ച് 29ന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ ഇൻഡിപെൻഡൻസ് സ്റ്റേഷനിൽ ആണ് സംഭവം.

റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന കാൻഡല എന്നുപേരുള്ള സ്ത്രീ രക്ത സമ്മർദ്ദം കുറഞ്ഞതിനെത്തുടർന്ന് ഓടിക്കൊണ്ടിരുന്ന ട്രെയിനിനടിയിലേക്ക് തളർന്നു വീഴുകയായിരുന്നു. കണ്ടുനിന്നവരെല്ലാം തലയിൽ കൈവെച്ച നിമിഷങ്ങൾ, എന്നാൽ ജീവിതത്തിനും മരണത്തിനുമിടയിൽ അവർ വളരെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റെയിൽവേ സ്‌റ്റേഷനിലെ സിസിടിവിയിലാണ് അവിശ്വസനീയമായ ദൃശ്യങ്ങൾ പതിഞ്ഞത്.

“ഞാൻ ഇപ്പോഴും എങ്ങനെ ജീവിച്ചിരിക്കുന്നുവെന്ന് എനിക്കറിയില്ല. ഇപ്പോഴും അതെല്ലാം മനസിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, എനിക്ക് പെട്ടെന്ന് രക്തസമ്മർദ്ദം കുറയുകയും ബോധരഹിതയാവുകയും ചെയ്തു. എന്റെ മുന്നിലിരിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചു, പക്ഷേ മറ്റൊന്നും ഓർമ്മയില്ല, ഞാൻ ട്രെയിനിൽ ഇടിച്ച നിമിഷം പോലും ” കാൻഡല ഒരു അർജന്റീനിയൻ ടെലിവിഷൻ ചാനലിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

അപകടത്തെ അതിജീവിച്ചതിന് ശേഷം താൻ പുനർജന്മം പ്രാപിച്ചതായി തനിക്ക് തോന്നിയെന്നും കാൻഡല കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *